*മിസ്ഹബ് ഇബ്നു ഉമൈർ*
അല്ലയോ മിസ്ഹബ്,
കുളമ്പിട്ടടിക്കുന്ന കുതിരകൾ
തന്നെയാണെ സത്യം.
വരണ്ട മരു ഭൂമികളിൽ
വിത്തുകൾ മുളപ്പിക്കുന്ന
മഴത്തുള്ളികൾ തന്നെയാണെ സത്യം.
മനിത നയനങ്ങളിൽ
വർണ്ണങ്ങൾ വിരിക്കുന്ന
പ്രകാശ കിരണങ്ങൾ തന്നെയാണെ സത്യം.
ഉഹദിൻ മലനിരകളിലിന്ന്
അന്ധകാരം പടർന്നു കയറിയിരിക്കുന്നു.
മദീനാൻ മലർവാടികളിൽ
പൂക്കൾ പൊഴിഞ്ഞിരിക്കുന്നു.
ഉഹദിൻ താഴ്വരകളിൽ
ശേഷിച്ച മൊട്ടുകളും
വാടി കരിഞ്ഞിരിക്കുന്നു.
അങ്ങയുടെ അഭാവത്തിൽ
വസന്തം എന്നെന്നേക്കുമായി
പടിയിറങ്ങിയിരിക്കുന്നു.
മിസ്ഹബ്,
എത്ര സുന്ദരനായിരുന്നു നീ,
കുബേര പുത്രൻ.
അറേബ്യൻ മണലാരുണ്യങ്ങളിൽ പോലും
സുഗന്ധം പരത്തിയിരുന്ന
മക്കയുടെ പരിമളമായിരുന്നു നീ,
ഓടിയകലുന്ന കുതിരപ്പുറത്തിരിക്കുന്ന
നിൻ്റെ മുഖമൊന്നു കാണാൻ
ജാലകങ്ങൾ നീക്കി അന്ന് സുന്ദരികൾ
പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്നു.
പട്ടിൽ നെയ്ത് മണലിലുരുഞ്ഞു കിടക്കുന്ന
നിൻ്റെ വസ്ത്രങ്ങളെ പുണരാൻ
അന്ന് വഴി വക്കിലെ മണൽത്തരികൾ
പുല്ലുകളോട് മത്സരിച്ചിരുന്നു.
ഒടുക്കം ദൈവ തൃപ്തിക്ക്
അതീതനായി നീയെല്ലാം വെടിഞ്ഞു.
സമാധാനത്തിന്റെ ചേരിയിലേക്ക്
ചുവടു വച്ചപ്പോൾ
നിൻ്റെ പണവും സമ്പത്തും ഐശ്വര്യവും
നീ ഉപേക്ഷിച്ചു.
പട്ടിണി പാവങ്ങളുടെ വിശപ്പിൻ്റെ
വേദനകൾ നീയും ഏറ്റുവാങ്ങി.
പട്ടുമെത്തയിലുറങ്ങിയ
നിൻ്റെ ചുമരുകൾ
തറയിൽ കിടന്നു തഴമ്പിച്ചു.
പവിഴ മുത്തുകൾ കൊണ്ട്
അലങ്കരിച്ച പാദരക്ഷകൾ
ചുമന്നിരുന്ന നിൻ്റെ പാദങ്ങൾ.
ഇന്നു ചുടുമണ്ണിലുരഞ്ഞു
വിള്ളലുകൾ ഏറ്റുവാങ്ങി,.
രൂപ സാദൃശ്യത്തിൽ
ദൈവ ദൂതനോട് പോലും
സാമ്യത പുലർത്തിയിരുന്ന
വദനത്തിനുടമയായിരുന്നത് കൊണ്ട്
ഉഹദിൻ ഇരു കരങ്ങളറ്റു
നെഞ്ചു തുളഞ്ഞു വീരമൃത്യു വരിച്ച
നിൻ്റെ ചേതിച്ചു കിടക്കുന്ന
ശരീരം കണ്ട്
മാലാഖമാർ പോലും പൊട്ടിക്കരഞ്ഞു
പോയിരുന്നു.
അല്ലയോ മിസ്ഹബ്,
ഇന്നു നിന്നെ പൊതിയാൻ
പട്ടുമെത്തകളില്ല.
ഇന്നു നിന്നിൽ സുഗന്ധം പടർത്താൻ
സുഗന്ധ ദ്രവ്യങ്ങളില്ല.
എത്ര സുന്ദരനായിരുന്നു നീ,
കുബേര പുത്രൻ.
അറേബ്യൻ മണലാരുണ്യങ്ങളിൽ പോലും
സുഗന്ധം പരത്തിയിരുന്ന
മക്കയുടെ പരിമളം.
എന്നിട്ടും അറ്റകരങ്ങളും
അറുപതിൽ പരം കീറിപ്പറിഞ്ഞ
ഉടയടയും,
നിൻ്റെ ശരീരത്തെ പൂർണ്ണമായും
ചുറ്റി പൊതിയാൻ കഴിയാത്ത വിധം.
വസ്ത്രം തികയാത്തതിനാൽ
നിൻ്റെ കാലുകൾ
അന്നു നിന്നെ പുണരാൻ കൊതിച്ച
പുൽമേടുകൾ കൊണ്ട് മറച്ചിരിക്കുന്നു.
എന്നിട്ടും കാലത്തിനു മുന്നിൽ
ഞങ്ങൾക്കുള്ളിൽ
നീയിന്നും പുഞ്ചിരിച്ചു കൊണ്ടു
കിടക്കുകയാണല്ലോ മിസ്ഹബ്.
നീ അവനെ തൃപ്തിപ്പെട്ടിരിക്കുന്നു..!!
അവൻ നിന്നെയും തൃപ്തിപ്പെട്ടിരിക്കുന്നു..!!
അകൽമഷ