ഇന്നെനിക്ക് ഞാൻ
ഇവിടം വിരാമം കുറിക്കുന്നു.
കാപട്യം നിറഞ്ഞൊരെൻ
പ്രണയ മൊഴികളിൽ കൂരിരുളിനാൽ
ആരോ ചായം പൂശുന്നു...
ഉള്ളിലെന്നും പുകഞ്ഞിരുന്ന
അവനെന്ന തിരിനാളത്തിനായ്
ഞാനെന്നെ ബലി കൊടുക്കുന്നു...
കരിഞ്ഞു പൊന്തുന്ന
പുക കാറുകൾക്കുള്ളിൽ നിന്നും
അവനെന്ന ഉത്തരം
പിറവിയെടുത്തിരിക്കുന്നു..
ഇന്നു ഞാൻ പലതും
തൊട്ടറിയുന്നു..
അലമുറയിൽ കരയുന്ന
പിഞ്ചുടലുകൾ തൻ വിലാപം
എൻ്റെ കാതുകളിൽ
പടർന്നു കയറുന്നു..
വിശന്നു മരിച്ച ഉടലുകളുടെ
രൂക്ഷ ഗന്ധം
എൻ്റെ നാസ ദ്വാരങ്ങളെ
വരിഞ്ഞു മുറുക്കുന്നു..
കീറിപ്പറിഞ്ഞ ഉടയാടകളും പേറി
അർദ്ധ നഗ്നരാം പെൺമേനികൾ
ദയനീയമാം വിധം എന്നെ
തുറിച്ചു നോക്കുന്നു..
വസന്തം മറച്ച
എൻ്റെ മിഴികളിൽ
വിപ്ലവത്തിൻ വേനൽ പതിയെ
പടർന്നു കയറുന്നു..
പ്രണയ മാസ്മരികമാം
നിനവുകളിൽ നിന്ന്
ഞാനെന്ന ഉത്തരം മനുഷ്യനായി
മാറുന്നു..
അകൽമഷ
No comments:
Post a Comment