ഇരു ഇലകൾ
ഇരുളിനെന്തൊരു മനോഹാരിതയാണ്. രാത്രിയുടെ യാമങ്ങളെ പോലും കിനാക്കളിൽ മുഴുകുവാൻ പ്രാപ്തരാക്കുന്നത് ഇരുളിനാഴങ്ങൾ തന്നെയാണ്. ഒന്നു സൂക്ഷ്മമായി ചിന്തിച്ചു നോക്കിയാൽ രാവും പകലും മാറിമറിഞ്ഞു വരുന്ന വേനൽ കാലവും ശീതകാലവും പോലെയാണ്. തൊട്ടടുത്തുണ്ടായിട്ടും ചേർന്നിരിക്കാൻ കഴിയാതെ അന്യരായി പിറന്ന ഇരു ദിക്കുകൾ.
പകൽ അസ്തമയത്തിലേക്ക് ചുവടു വെക്കുന്നത് മുതൽ ഒരു വിഭാഗം ജീവജാലങ്ങൾ നിദ്രയിൽ നിന്നുണർന്നുവരികയും മറ്റുചില ജീവജാലങ്ങൾ ഇരുളിനാഴങ്ങളെ പുണർന്നു നിദ്രയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു.
" അല്ല മാഷേ, ഒരു സംശയം.."
" മ്മ്.. പറ "
" ഈ ചിവീടുകളും ചിത്രശലഭങ്ങളും തമ്മിൽ എന്നെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടാവുമോ..? "
" ശരിയാണല്ലോ ഇനി അവർ നേരിട്ട് കണ്ടിട്ടുണ്ടാവുമോ..?
ഒരേ ചില്ലകൾക്കു കീഴിൽ വസിക്കുന്ന ഇരു ജീവികൾ. എന്നിട്ടും അവർക്കിടയിൽ ആരാണ് അദൃശ്യമായ ഈ മറ പാകിയത്..!! "
ആരൻ പതിയെ മിഴികൾ തുടച്ചു മന്ദഹാസിച്ചു കൊണ്ട് പ്രിയപ്പെട്ടവളുടെ നിനവുകൾക്ക് അവിടം വിരാമം കുറിച്ചു. നനഞ്ഞു കുതിർന്നു ഇരുളിനുള്ളിൽ കൊടും ഇരുൾ പാകിക്കൊണ്ട് പടർന്നു പന്തലിച്ചു കിടക്കുന്ന ഒറ്റ മന്ദാരത്തിലെ നനഞ്ഞൊട്ടിയ ഇലകളെ മിഴികളടയും വരെ തുറിച്ചു നോക്കിക്കൊണ്ട് ആരൻ നിദ്രയിലേക്ക് പതിയെ വഴുതി വീണു.
പ്രഭാതകിരണം പടർന്നതിൽ പിന്നെ ചേർന്നൊട്ടിയ ഇലകളെല്ലാം ഇരുദിക്കിലേക്ക് അകന്നുനിന്നു. അതല്ലെങ്കിലും അങ്ങനെ തന്നെയാണ് പ്രകാശമാണ് എല്ലാവരെയും വ്യത്യസ്തരാക്കുന്നതും, അകറ്റി നിർത്തുന്നതും.
ആരൻ തൻ്റെ ഒറ്റക്കയ്യൻ ബാഗും നീളാൻ ജുബ്ബയും ധരിച്ച് ഒരു യാത്രയ്ക്കെന്ന മട്ടിൽ പുറത്തേക്കിറങ്ങി.
നൈല സമ്മാനിച്ചതാണ് ആ ബാഗ്. നീണ്ട അഞ്ചുവർഷ കാലം മുതൽ ആരൻ്റെ സന്നദ്ധ സഞ്ചാരി. പ്രിയപ്പെട്ടവളുടെ ഓർമ്മകൾ കണക്കെ അതുമിന്ന് കോട്ടം സംഭവിക്കാതെ ഉദിച്ചു തന്നെ നിൽപ്പുണ്ട്.
വാകപ്പൂക്കൾ പൊഴിഞ്ഞു മണ്ണിനു മീതെ ചുവന്ന പരവതാനി വിരിച്ച വീഥിയിൽ ഏകയായി നിൽക്കുന്ന ആത്മികയെ ലക്ഷ്യമാക്കി ആരാൻ നടന്നു. ആത്മിക പ്രിയപ്പെട്ടവൾക്കെന്നും പ്രിയപ്പെട്ടവൾ. തൻ്റെ പ്രണയിനിയുടെ ആത്മമിത്രം.
ബന്ധങ്ങളെന്നും പകർച്ചപ്പനി പോലെയാണ്. ഒരാളിൽ നിന്നും തന്നോടടുത്തവർക്ക് അതു പകർന്നു കൊണ്ടേയിരിക്കും. നൈല സമ്മാനിച്ച ഒരുപാട് മൂല്യമുള്ള സൗഹൃദമായിരുന്നു ആത്മിക. അല്ല അവൾ സമ്മാനിച്ചതെല്ലം എന്നും ഒരുപാട് മൂല്യമുള്ളവതന്നെയായിരുന്നു.
മൗനം വരിച്ചു നിൽക്കുന്ന ആരനെ നോക്കി ആത്മിക ചോദിച്ചു.
" എന്താ തീരുമാനം. നാളെ കല്യാണത്തിന് പോവുന്നുണ്ടോ..? "
ആത്മിക തുടർന്നു.
" പോവാതിരിക്കുന്നതല്ലെ നല്ലത്..? "
നീരു കെട്ടിയ കൺപോളകൾ പതിയെ ചിമ്മി തുറന്നുകൊണ്ട് ആരൻ പറഞ്ഞു.
" ഏയ്,, പോവണം. ദൂരെനിന്നെങ്കിലും ഒരു നോക്ക് അവളെ കാണണം.
പറിച്ചു നട്ടത് വേരു പടർന്നു തളിർത്തെന്ന് ഉറപ്പുവരുത്തണം.."
അനിയന്ത്രിതമായി ആരൻ്റെ മിഴികൾ നിറഞ്ഞു തുളുമ്പി കൊണ്ടേ നിന്നു.
" സാന്ത്വനിപ്പിക്കാൻ വാക്കുകളൊന്നും തികയില്ല ഡോ,.."
ആത്മിക തുടർന്നു.
" ബ്ലീഡിംഗ് എങ്ങനെയുണ്ട്..? "
" കുഴപ്പമില്ല. കൂടിപ്പോയാൽ രണ്ടു മാസം, അതിനുള്ളിൽ എല്ലാം നിലയ്ക്കും.
പിന്നീട് ഈ ചേരാത്ത വേഷവും കെട്ടിയാടണ്ടല്ലോ.."
അതും പറഞ്ഞു ആരൻ ഉറക്കെ ചിരിച്ചു.
ആരൻ്റെ മറുപടിക്ക് മുന്നിൽ ആത്മിക അല്പസമയം മൗനം പാലിച്ചു. ശേഷം അവൾ പറഞ്ഞു.
" നീ ഓർക്കുന്നുണ്ടോ..?
ആദ്യമായി നൈല നിന്നെ എനിക്ക് പരിചയപ്പെടുത്തി തന്ന ദിവസം. ശരിക്കും പ്രണയത്തിൻ്റെ ഭംഗി പുറത്തു നിന്ന് കാണുന്നവർക്ക് ഗ്രഹിക്കാൻ കഴിയില്ലെന്നു പറയുന്നത് വെറുതെയാണ്. നിങ്ങളുടെ പ്രണയം ഞാനും ആസ്വദിച്ചിരുന്നു.
ഈ പൊഴിഞ്ഞുവീണ വാകപ്പൂക്കൾ പോലും നിങ്ങളുടെ പ്രണയത്തിനു മുന്നിൽ ഒന്നുമല്ലായിരുന്നു.
ശരിയാണ് ഭംഗിയുള്ളതെല്ലാം കാലം പെട്ടെന്ന് നശിപ്പിച്ചു കളയും.."
ആത്മിക തുടർന്നു.
" നീ പറഞ്ഞ മരുന്നു മൊത്തം വാങ്ങിയിട്ടുണ്ട്. ക്ഷീണം കാണും. ഇതും കഴിച്ച് അൽപം വീട്ടിൽ ചെന്നു കിടക്ക്... "
ആത്മികയുടെ നിർദ്ദേശപ്രകാരം ആരൻ പതിയെ വീട്ടിലേക്ക് നടന്നു തുടങ്ങി.
ഈ വഴിയോരങ്ങൾക്ക് കുറെ ഇന്നലെകളുടെ കഥ പറയാനുണ്ട്.
പ്രിയപ്പെട്ടവളെ ആദ്യമായി സംഗമിച്ചതും,
പ്രണയത്തിലേക്ക് വഴുതി വീണതും, ഹൃദയങ്ങൾ കൈമാറിയതും,
ഒടുക്കം പ്രണയത്തിൻ്റെ ആരാമത്തിൽ വിരഹം ഭ്രാന്തമായി തളിർത്തതും, അല്ല പ്രണയത്തെ ജീവനോടെ ഉടലരിഞ്ഞു താൻ മണ്ണിൽ താഴ്ത്തിയതും,
പ്രിയപ്പെട്ടവളുടെ മിഴികൾ വാർന്നൊലിച്ചതും.
അങ്ങനെ അനവധി കഥകൾ.
ഒരുപാട് എതിർപ്പുകൾ നിറഞ്ഞ പ്രണയമായിരുന്നു. തീഷ്ണ പ്രണയത്തിനു മുൻപിൽ അവയെല്ലാം പതിയെ മാറി ഒഴുകിക്കൊണ്ടിരുന്നു. പ്രണയത്തിൻ്റെ ശീതകാലം പുറമേ കോടമഞ്ഞുയർത്തുമ്പോഴും,
അവനറിയാതെ അവന്റെ ഹൃദയ ധമനികളെ പോലും അർബുദം കാർന്നു തിന്നു കൊണ്ടിരുന്നു. ആരൻ തൻ്റെ രോഗാവസ്ഥ മനസ്സിലാക്കുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും കൈവിടാതെ തന്നെ ചേർത്തുവച്ച നൈല തൻ്റെ കൂടെ തന്നെ ഉണ്ടാകുമെന്നുള്ള കാര്യം ആരന് ഉറപ്പായിരുന്നു. നൈലയുടെ മുന്നോട്ടുള്ള ജീവിതം കണക്കിലെടുത്ത് ആരൻ ആത്മീകയുടെ നിർദ്ദേശപ്രകാരം തൻ്റെ രോഗാവസ്ഥ നൈലയിൽ നിന്നും ഭദ്രമായി മറച്ചുവെച്ചു.
വേദനയോടണങ്കിലും ആരൻ നൈലയെ പതിയെ തന്നിൽ നിന്നും അകറ്റിത്തുടങ്ങി. അതായിരുന്നു നൈലയുടെ ഇനിയുള്ള നാളുകളൾക്ക് ഉചിതമെന്ന് അവന് വ്യക്തമായി അറിയാമായിരുന്നു. ആരൻ്റെ തുടരെ തുടരെയുള്ള അവഗണന കാരണം കാലം നൈലയുടെയുള്ളിൽ ഒരു ഗർത്തം രൂപപ്പെടുത്തി. ആ ഗർത്തത്തിനുള്ളിൽ പതിയെ പതിയെ ആരനോടുള്ള വിദ്വേഷവും പകയും കൊണ്ട് നിറഞ്ഞു. അതോടെ അവളും നീണ്ട അഞ്ചുവർഷക്കാലത്തെ പ്രണയത്തിന് അവിടെ വിരാമം കുറിച്ചു. അവളുടെ ഹൃദയം അവനില്ലാതെയും പതിയെ ഇടിച്ചു തുടങ്ങി. മറവിയുടെ മൊട്ടുകൾ അവളിൽ ശേഷിച്ചിരുന്ന ഓർമ്മകളിലെ ആരൻ്റെ മുഖച്ചിത്രത്തിൽ പോലും പടർന്നു കയറി.
കാലത്തിന്റെ കുത്തൊഴുക്കിൽ മാസങ്ങൾ കടന്നുപോയി. അവനില്ലാതെയും ഋതുക്കൾ തുടരെത്തുടരെ ഭ്രാന്തമായി പൂത്തു.
ഒടുവിൽ പ്രിയപ്പെട്ടവരുടെ നിർദ്ദേശപ്രകാരം നൈല പുതിയൊരു ജീവിതത്തിലേക്ക് ചുവടു വെക്കാനൊരുങ്ങി.
വിവാഹ തലേന്നുള്ള തിരക്കുകളിലായിരുന്നു നൈല. തുടരെത്തുടരെയുള്ള ആത്മികയുടെ മിസ്സ് കാൾ കണ്ടപ്പോൾ നൈലയിൽ ചെറിയതോതിൽ ഒരു ആശങ്ക രൂപപ്പെട്ടു.
നൈല സ്വയം തന്നോടു തന്നെ പറഞ്ഞു
" നാളെ വരാമെന്നു പറഞ്ഞതാണല്ലോ..? ഇതെന്താ പെട്ടെന്നൊരു വിളി. ഇനി വല്ല ഒഴിവുകഴിവു പറയാൻ വല്ലതുമാണോ.."
നൈല ആത്മികയെ തിരികെ വിളിച്ചു.
പതിവിലും വിപരീതമായി അവൾ പെട്ടെന്നു തന്നെ കാൾ എടുത്തു . ഇടറിയ ശബ്ദത്തോടെ പറഞ്ഞു.
" ഡീ,...
നമ്മുടെ ആരാൻ..."
" അവനു എല്ലാവരേയും വിട്ടു പോയീ.. "
ഒരു തേങ്ങലോടെ ആത്മികയുടെ കാൾ അവിടെ നിലച്ചു. ആരൻ എന്ന നാമം നൈലയുടെ ഉള്ളിൽ ഒരശിരീരി പോലെ മുഴങ്ങിക്കൊണ്ടിരുന്നു. കാലം കടുത്ത ഓർമ്മകളുടെ ഏടുകൾ അവൾക്കു മുന്നിലിന്നു തുറന്നു വച്ചിരിക്കുന്നു. അതിൽ ആരനെന്ന തിരുനാളം വീടും ജ്വലിച്ചു കൊണ്ടിരിക്കുന്നു.
ആരൻ എന്നെന്നേക്കുമായി പടിയിറങ്ങി എന്നറിഞ്ഞപ്പോൾ അവളുടെ മിഴികൾ അനിയന്ത്രിതമായി ചാലിട്ടൊഴുകാൻ തുടങ്ങി. ആ മിഴി നീരിൽ അവൻ്റെ നിനവുകൾ ഓരോന്നായി അവളിൽ തുടരെത്തുടരെ പിറവിയെടുക്കാൻ തുടങ്ങി.
തളം കെട്ടിയ മിഴികളാൽ നൈല പെട്ടെന്നു വണ്ടിയെടുത്ത് ആരൻ്റെ വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങി. യാത്രക്കിടയിൽ നൈല ഒരിക്കൽ കൂടി അന്നു തങ്ങൾ സംഗമിച്ചിരുന്ന ആൽത്തറെയേയും, ചെമ്പകത്തോട്ടത്തെയും വിഷാദ ഭാവത്താൽ തുറിച്ചുനോക്കി. പ്രിയപ്പെട്ടവനില്ലാതെ അവൾ ആദ്യമായി അവയ്ക്കിടയിലൂടെ കടന്നുപോയി.
അരൻമരിക്കാനോ..?
അതെങ്ങനെ..?
കേട്ടതെല്ലാം ദുസ്വപ്നമാവണമെന്നവൾ അതിയായി ആഗ്രഹിച്ചു.
നൈല ആരൻ്റെ വീട്ടിനരികിലെത്തി.
വാതിൽ പാളികളില്ലാത്ത ചുമരുകൾക്കുള്ളിലൂടെ അവൾ ഉള്ളിലേക്ക് പ്രവേശിച്ചു. ആരൻ്റെ നിനവുകൾ ഓരോന്നായി അവൾക്കുള്ളിൽ പുനർജനിച്ചു.
" മാഷേ,.. ഇതെന്താ ഇങ്ങനെ.."
" എങ്ങനെ "
" പതിവില്ലാതെ കട്ടള മാത്രം വച്ചു ഡോറില്ലതെ ആരെങ്കിലും വീടുണ്ടക്കുമോ..? "
" അതെന്താ ഉണ്ടാക്കാലോ.."
" .വട്ടാണല്ലേ.."
" സ്വാഗതം എന്ന് ബോർഡും വച്ച്. കതകടച്ചിരിക്കുന്നവർക്കല്ലേ ശരിക്കും വട്ട്.."
നൈല നിനവുകളിൽ നിന്ന് പതിയെ ഇറങ്ങി വന്നു. അവിടെ പൊടി പിടിച്ചു കിടന്നിരുന്ന ഒരോ വസ്തുക്കളും അവളോട് ഇന്നലെകൾ ഓരോന്നായി പറഞ്ഞുകൊണ്ടേയിരുന്നു.
" മാഷേ, വലിയ നിലയിലെത്തിയാൽ എന്നെയും വിട്ടേച്ച് പോവോ..? "
" നല്ല കഥ,.. എനിക്കിണങ്ങാനും പിണങ്ങാനും നീയല്ലേ ഉള്ളൂ, നിന്നിൽ നിന്നൊരു അടർന്നുപോക്ക് അസാധ്യമാണ്.
നീയല്ലേ പറയാറ് ചേർന്നൊട്ടിയ ഇരു ഇലകളാണ് നമ്മളെന്നു.."
നൈല ഓരോന്നയി ഓർത്തെടുത്തു തേങ്ങി കരയാൻ തുടങ്ങി.
ആത്മിക മിഴികൾ തുടച്ചുകൊണ്ട് നൈലയെ സാന്ത്വനിപ്പിക്കാൻ അരികിലേക്കെത്തി.
" ബോഡി കുളിപ്പിക്കാൻ വെച്ചിരിക്കുകയാണ്.."
ആത്മിക തുടർന്നു.
" ഇനി നിന്നോട് ഞാനതു പറഞ്ഞില്ലെങ്കിൽ നിന്നോടും അവൻ്റെ ആത്മാവിനോടും കാണിക്കുന്നു ഏറ്റവും വലിയ നീതികേടാവുമത്.."
ആത്മിക ആരൻ്റെ രോഗ വിവരം നൈലയെ ബോധിപ്പിച്ചു.
" എൻ്റെ നിർദ്ദേശപ്രകാരമാണ് അവനെല്ലാം നിന്നിൽ നിന്നും മറച്ചത്. "
അതും പറഞ്ഞു ആത്മിക നൈലയുടെ കൈകളിലേക്ക് ആരൻ്റെ ഡയറി കൊടുത്തു.
നിറഞ്ഞ മിഴികളാൽ നൈല അതിലെ ഓരോ താളും മറിച്ചു തുടങ്ങി.
" ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കവിത
അതു നീ തന്നെയായിരുന്നു..
പ്രണയകാലത്തിന്റെ ഒരിക്കലും തണ്ടോടിയാത്ത ഇലകളെ പോലെയായിരുന്നു നിൻ്റെ നായകങ്ങൾ..
ദൃഷ്ടികൾ പതിഞ്ഞിടത്ത് വർണ്ണപുസ്തകങ്ങൾ തളിർക്കുമായിരുന്നു..
ഉള്ളിൽ അലയടിച്ചിരുന്ന പ്രണയത്തെ സാക്ഷിയാക്കി
എന്നെ എത്ര ഭദ്രമായിട്ടാണ്
നീ കാലത്തിനു മുന്നിൽ മറച്ചുവെച്ചത്,
മൊട്ടിട്ടു വിടർന്നു പന്തലിക്കാൻ കഴിയാതെ പൊഴിഞ്ഞു വീണ മൊട്ടുകളെ പോലെ,
കാലം വേനലണയും മുൻപ്
നീയെന്ന വസന്തകാലത്തെയും പറിച്ചു
ഇരുളിലേക്ക് മറഞ്ഞത്..
നിന്നോർമ്മകളെന്നിൽ ഭ്രാന്തമായി തളിർക്കുമ്പോൾ
ഞാനിന്നും കവിതകളായി
ഭ്രാന്തമായി പൂത്തുലഞ്ഞടുമ്പോൾ,
നിലച്ചു പോവാറുണ്ട്.
എന്തു പറയാനായിരുന്നു
അസ്തമിക്കാൻ മടിച്ച സൂര്യകിരണങ്ങൾ സാക്ഷിയായി,
വാകപ്പുകൾ മറ പിടിച്ച ആ ഇരുൾ വീഥിയിൽ
പരിമണം പകർത്തിയ
ആ ചെമ്പകപ്പൂ ചുവട്ടിലേക്ക്
നീയെന്നെ മാടി വിളിച്ചതെന്ന്..
പ്രിയപ്പെട്ടവളെ,..
ഞാനറിഞ്ഞതിൽ വച്ച്
ഏറ്റവും മനോഹരമായ
പ്രണയ കവിത
അതു നീ തന്നെയായിരുന്നു..
ഇന്നും താളകൾ കഴിയുന്തോറും
എൻ്റെ രോമ നാരുകളിൽ പോലും
വസന്തംപടർത്തിയ
പൂർത്തീകരിക്കാൻ കഴിയാതെ
പാതിവഴിയിൽ കാലം മായ്ച്ചു കളഞ്ഞ
പ്രണയ കവിത നീ തന്നെയായിരുന്നു....'"
താളുകളിൽ നോക്കി തേങ്ങി കരയുന്ന നൈലയെ ആത്മിക തട്ടിയുണർത്തി.
" നൈല,.. നൈല,..
ബോഡി കൊണ്ടു വന്നിട്ടുണ്ട്.."
പാതിയടർന്ന ഹൃദയവുമായി അവൾ പതിയെ ആരൻ്റെ അടുത്തേക്ക് നടന്നു നീങ്ങി.
തൻ്റെ പ്രിയതമന്റെ തണുത്തുറഞ്ഞു മരവിച്ച ശരീരം കണ്ടു തണ്ടൊടിഞ്ഞ ഇലകണക്കേ അവൾ ഒരു മനോരോഗിയെ പോലെ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് ബോധരഹിതയായി വീണു,.!!
" മാഷേ,.."
" എന്താ പെണ്ണേ,.."
" മഴയിൽ കുതിർന്നു നനഞ്ഞൊട്ടിയ ഇരു ഇലകളാണ് നമ്മൾ.."
" അതെന്താ നനഞ്ഞൊട്ടിയ ഇരു ഇലകൾ..? "
" അവരു പൊഴിയും വരെ ചേർന്നൊട്ടിയാണ് ഇരിക്കാറ്.."
" അപ്പോൾ പൊഴിയുമ്പോഴോ..?? "
അധരങ്ങളൾക്കു ചാരെ പിറവിയെടുത്ത നുണക്കുഴിയും കാട്ടി അവൾ പതിയെ മന്ദഹാസിച്ചു...
അകൽമഷ
No comments:
Post a Comment