ശ്മശാന പൂക്കൾ
നിനവുകളിൽ എവിടെയോ
അകപ്പെട്ടു കിടക്കുകയാണ് നാം..
ഉണർവു ലഭിക്കാത്ത പ്രണയ വേരുകളാൽ
ഇഴുകി ചേർന്നു കിടക്കുകയാണ് നാം..
ചിറകുകൾ വിടർത്തി
നീലാകാശത്തിൻ ഉള്ളറയിൽ
പാറിയകലുകയാണു നാം..
നമുക്ക് ചുറ്റുമിന്ന്
തുളച്ചു കയറുന്ന
മിഴി അസ്ത്രങ്ങളില്ല,
നമുക്കിടയിൽ മലിന കരങ്ങളാൽ
മനിതൻ പടർത്തിയ
മതിൽക്കെട്ടുകളില്ല..
ഇന്നു നാം സ്വതന്ത്രരാണ്.
ഉണരും വരെ
ഈ കിനാക്കളുടെ അവകാശികളാണ്..
ഉണരാതിരിക്കട്ടെ..!!
ഉണർന്നാൽ വീണ്ടും നാം
അന്യരാണ്,
ഞാനും പുലയനും
നീ കെട്ടിലമ്മയുമാണ്..
ഒരിക്കലും ഒരുമിക്കാത്ത
പകലും നിശയുമാണ്.
നമുക്കിടയിൽ മതിൽ കെട്ടുകൾ
വീണ്ടും വീണ്ടും പടർന്നുയരുകയാണ്..
നാം യുഗങ്ങൾ അകലേക്ക്
തെന്നിമാറുകയാണ്.
പിന്നീട് നമ്മുടെ ഹൃദയങ്ങൾ പോലും
ശ്മശാനങ്ങളാണ്.
ജഡങ്ങളങ്ങനെ തിങ്ങി നിറഞ്ഞാലും
എത്ര പൂത്തിട്ടും
കാഴ്ച്ചക്കാരുടെ
മിഴി വിടർത്താൻ കഴിയാത്ത
എന്തിനോ വേണ്ടി പൂത്ത
ശ്മശാന പുഷ്പ്പങ്ങളാണു നാം..
No comments:
Post a Comment