പഞ്ചമി
പെയ്തൊലിക്കുന്ന ചാറ്റൽ മഴയിൽ ഉമ്മറത്തെ ചെമ്പകച്ചുവട്ടിൽ പതിവുപോലെ ഇന്നും നീല നിറത്തിലുള്ള ചിത്രശലഭം വന്നിരിക്കുന്നു.അവൾ പൂക്കളുടെ മധു നുകരുവാനോ, പുഷ്പങ്ങൾക്ക് ചുറ്റം വട്ടമിട്ടു പറക്കുവാനോ ഒരുക്കമല്ല. അകലെ നിന്ന് വീക്ഷിക്കുന്നവർക്ക് അൽപസമയം ചിത്രശലഭം വൃക്ഷത്തോട് എന്തോ സംസാരിക്കുന്നത് പോലെയാണ് തോന്നാറ്. ചിത്രശലഭം ചിറകടിച്ചു പറന്നകലുമ്പോൾ ചെമ്പക മരം വിഷാദത്തിൽ പതിയെ പൂക്കൾ പൊഴിച്ചു കൊണ്ടേയിരിക്കുന്നു. നിശാഗന്ധി പൂക്കുന്ന സന്ധ്യായാമങ്ങളിൽ പഞ്ചമിക്ക് ഇതൊരു സ്ഥിരം കാഴ്ചയായിരുന്നു.
സമയം ഏഴുമണിയോട് അടുത്തായിട്ടും ഗ്രൂപ്പിൽ ഓൺലൈൻ ക്ലാസ്സിനെ കുറിച്ചുള്ള യാതൊരു വിധത്തിലുള്ള സംസാരമില്ലാത്തത് പഞ്ചമിയെ നിരുത്സാഹപ്പെടുത്തി. സാധാരണ സന്ധ്യയ്ക്ക് മുൻപായി ആരെങ്കിലുമൊക്കെ ക്ലാസിനെ കുറിച്ച് ഓർമ്മിപ്പിക്കുക പതിവായിരുന്നു.ഇന്നാണെങ്കിൽ അതു പോലുമില്ലാത്തത് കണ്ടപ്പോൾ പഞ്ചമി മൊബൈൽ ഡാറ്റ ഓഫ് ചെയ്യാൻ മുതിർന്നു.
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പെട്ടെന്നായിരുന്നു വാട്സാപ്പിൽ ഗ്രൂപ്പ് കോൾ വന്നത്. ക്ലാസ്സിലെ ഇരുപത്തിനാലിൽ പതിനാറ് വിദ്യാർത്തികളും അതിലുണ്ടായിരുന്നു. സാധാരണ ഗൂഗ്ൾ മീറ്റ് വഴിയാണ് ക്ലാസുണ്ടാവാറ് ഇതെന്തുപറ്റി ഇന്നിങ്ങനെ. ചിന്താവിഷ്ടയായിരിക്കുന്ന പഞ്ചമിയുടെ കർണങ്ങളിൽ പെട്ടെന്നായിരുന്നു ആ ശബ്ദം പതിഞ്ഞത്.
" എല്ലാവരും എത്തിയില്ലേ..? "
ശബ്ദം കേട്ടപ്പോൾ തന്നെ പഞ്ചമിക്ക് ആളെ മനസ്സിലായി. അവളുടെയും ക്ലാസ്സിലെ ഒരു വിധം വിദ്യാർത്ഥികളുടെയും പ്രിയപ്പെട്ട അധ്യാപകൻ അകൽ സാറായിരുന്നു അത്. അകൽമഷ എന്നായിരുന്നു മുഴുവൻ പേര്. ദഹിക്കാൻ ഇച്ചിരി ബുദ്ധിമുട്ടുള്ള പേരായതിനാൽ സാർ തന്നെ നിർദ്ദേശിച്ച പേരാണ് അകൽ.
അകൽമഷ പതിയെ ക്യാമറയ്ക്ക് മുന്നിലേക്ക് വന്നുനിന്നു. സാധാരണ മലയാളം അദ്ധ്യാപകരിൽ നിന്നും തികച്ചും വ്യത്യസ്തനായിരുന്ന അകൽമഷ. ഡിഗ്രി വിദ്യാർത്ഥികളെന്ന പരിഗണനയ്ക്ക് അപ്പുറം യൂ.പി സ്കൂൾ വിദ്യാർത്ഥികൾക്ക് ക്ലസെടുക്കുന്നത് പോലെ കളിയും ചിരിയും നിറഞ്ഞ വാക്കുകളിലൂടെയാണ് അദ്ദേഹം വിദ്യാർത്ഥികളുടെ ഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലാറ്.
" എല്ലാവർക്കും എന്നെ വ്യക്തമായി കാണുന്നുണ്ടോ..? "
പഞ്ചമി ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ഒരേ സ്വരത്തിൽ പറഞ്ഞു
" അതേ സാർ "
" രണ്ടു വർഷത്തിനു മുകളിലായ് നമ്മൾ പരസ്പരം കാണാതെ ഈ ഓൺലൈൻ ചുവരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നു. അതിനൊരു പ്രതിവിധി എന്ന നിലയിൽ ഈ വരുന്ന രണ്ടാം തീയ്യതി ഡിഗ്രി സെക്കൻ്റ് ഇയർ മലയാളം വിദ്യാർത്ഥികൾക്കായ് ഒരു മീറ്റപ്പ് തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ മുന്നോടിയായ് ഒരു ചെറിയ കവിതാമത്സര പ്രോഗ്രാം ഇന്നുണ്ടായിരിക്കും. വിജയികൾക്കുള്ള സമ്മാനദാനം മീറ്റപ്പിൽ നിർവഹിക്കുന്നാത്.."
വിദ്യാർത്ഥികളെല്ലാം ആവേശഭരിതരായി. നീണ്ട രണ്ടു വർഷത്തിനു ശേഷം പ്രിയപ്പെട്ട സഹപാഠികളെ നേരിട്ടു കാണാൻ അവസരം ലഭിച്ചതോർത്തപ്പോൾ പഞ്ചമിയുടെ സന്തോഷം പരിധകൾക്ക് അപ്പുറത്തായിരുന്നു. പെട്ടെന്ന് എന്തൊക്കെയോ ഓർത്തതിനാലാവണം വിടർന്നു നിന്ന അവളുടെ കവിളുകളിൽ വിഷാദ മേഘങ്ങൾ തളം കെട്ടിനിന്നു.
" എന്നാൽ പിന്നെ മത്സരം തുടങ്ങിയാലോ..?? "
വിദ്യാർത്ഥികൾ ആവേശത്തോടെ ഒരേ സ്വരത്തിൽ പറഞ്ഞു.
" തുടങ്ങാം "
അകൽമഷ തുടർന്നു
" അങ്ങനെ തുടങ്ങിയാൽ ശരിയാവില്ലല്ലോ.. അതിൻ്റെ മുന്നോടിയായ് ഒരു ചെറിയ പരിപാടി കൂടിയാവാം.."
" എൻ്റെ പ്രിയപ്പെട്ട എല്ലാ വിദ്യാർത്ഥികളും അവരവർക്ക് ഇഷ്ടപ്പെട്ട രണ്ടാഗ്രഹങ്ങൾ ഇവിടെ പങ്കു വെക്കുക,.. "
" എന്നാൽ പിന്നെ തുടങ്ങിയാലോ..? "
" അതേ സാർ "
അകൽമഷയുടെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥികളെല്ലാം അവരവരുടെ ആഗ്രഹങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി. അതിൽ അധികം പേർക്കും അധ്യാപകർ ആവാനായിരുന്നു ആഗ്രഹം.അടുത്ത ഊഴം പഞ്ചമിയുടെതാണ്. അകൽമഷ അവളോട് പറയാൻ ആവശ്യപ്പെട്ടു.
പഞ്ചമി പറഞ്ഞു തുടങ്ങി
" എൻ്റെ ആദ്യത്തെ ആഗ്രഹം. നല്ല കോടമഞ്ഞുള്ള സമയത്ത് പൂക്കളാൽ അലംകൃതമായ വീഥിയിലൂടെ പച്ചപ്പ് നിറഞ്ഞ കുന്നിൻ മുകളിലുള്ള വീടുകൾളിലേക്ക് തപാലുമായി നടന്നു നീങ്ങുന്ന ഒരു പോസ്റ്റുമാൻ ആവണം.. എല്ലാ പുലർക്കാലങ്ങളിലും എനിക്ക് നടന്ന് ആ കുന്നു കയറണം.. "
അകൽമഷ ചിരിച്ചു കൊണ്ട് പറഞ്ഞു
" അത് ശരി പോസ്റ്റ്മാൻ ആവാനാണോ മോളീ രണ്ടു കൊല്ലം വരേക്കും കാത്തിരുന്നത്. അതിന് പത്താംക്ലാസ് തന്നെ ധാരാളം.."
മാഷിൻ്റെ മറുപടി കേട്ട് പഞ്ചമി ഉൾപ്പെടെയുള്ള എല്ലാ വിദ്യാർത്ഥികളും ഒരേ സ്വരത്തിൽ ചിരിച്ചു.അതങ്ങനെയായിരുന്നു എല്ലായ്പ്പോഴും അവൾ എല്ലാവരെയും ചിരിപ്പിച്ചിട്ടേയുള്ളു. ക്ലാസ്സിലെ വിദ്യാർത്ഥികൾക്കും അതിലുപരി അധ്യാപകർക്കും എന്നും പ്രിയപ്പെട്ടവൾ തന്നെയായിരുന്നു അവൾ. വാട്സാപ്പിലെ അവളുടെ പ്രൊഫൈൽ പിക്ക് കണ്ടിട്ട് പലരും അവളോട് പറഞ്ഞിട്ടുണ്ട് നിന്റെ പുഞ്ചിരി മനോഹരമാണെന്ന്. കറുത്ത മുടിയിഴകൾ കരിമഷി കണ്ണുകൾക്ക് മുകളിലൂടെ വിരിഞ്ഞു പന്തലിച്ചു നിൽക്കുന്നത് പോലെ ചുവന്ന അധരങ്ങളെ തോൽപ്പിച്ചു കൊണ്ട് വിടർന്നു നിൽക്കുന്ന നുണക്കുഴികളും അവളെ കൂടുതൽ മനോഹരിയാക്കിയിരുന്നു..
" പഞ്ചമി എന്നാൽ രണ്ടാമത്തെ ആഗ്രഹം പറ,."
മാഷിന്റെ നിർദ്ദേശ പ്രകാരം പഞ്ചമി തുടർന്നു.
" തീരത്തെ പുണരുന്ന നീലത്തിരമാലകളുടെ ഓരത്തിരുന്ന് എൻ്റെ പെരുവിരൽ കൊണ്ട് തിരമാലകളുടെ നെറുകയിൽ തലോടണം.."
പതിവുപോലെ തന്നെ ഇത്ര നിസ്സാരമായ ആഗ്രഹം കേട്ടപ്പോൾ വിദ്യാർത്ഥികൾ ഒരേസ്വരത്തിൽ ചിരിച്ചു കൂടെ പഞ്ചമിയും. എന്തോ അകൽമഷ മൗനമായിരുന്നു.
അയാൾ തുടർന്നു
" എന്നാൽ കവിതാരചന തുടങ്ങിയാലോ.?"
അകൽമഷ തുടർന്നു
" ഒരു പ്രത്യേക വിഷയമൊന്നുമില്ല.. നിങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്ത് ആ വിഷയത്തിൽ കവിത എഴുതാവുന്നതാണ്.."
മാഷിന്റെ നിർദ്ദേശ പ്രകാരം വിദ്യാർത്ഥികളെല്ലാം കവിതകൾ എഴുതാൻ തുടങ്ങി
പഞ്ചമിയുടെ മനസ്സിൽ തെളിഞ്ഞ വന്ന വിഷയത്തെ കുറിച്ച് അവളും എഴുതുവാൻ തുടങ്ങി
പതിവു പോലെ അവളുടെ രചനയ്ക്ക് തലക്കെട്ട് ഉണ്ടായിരുന്നില്ല.
ഹേ ..
മിന്നൽ കിരണങ്ങളേ,
നിങ്ങൾ കാണുന്നില്ലേ..??
യാമിനിയുടെ പുടവ കീറി
മരണത്തിന്റെ തേരിലേറി
അവളെന്നിലേക്ക്
ഒഴുകുന്നത്....
അവളെന്നിൽ മുളച്ച്
എന്നിൽ വളർന്ന്
എന്നുള്ളിൽ വിരിഞ്ഞ്
എന്നിലായ് പൊഴിയാൻ
കാത്തുനിൽക്കുന്നത്
നിങ്ങൾ കാണുന്നില്ലേ..??
പലവട്ടം കരിച്ചുകളഞ്ഞിട്ടും
നിരവധി മുറിച്ചുമാറ്റീട്ടും
അവളിന്നും
എന്നിലമർത്തി ചുംബിക്കുന്നത്..
ഹേ,.
പനിനീർപൂക്കളേ,
നിന്നിലെ മുള്ളുപോലെ
തീവ്ര പ്രണയത്തിനെന്നും
കഠിന വേദനയാണ്....
പോവാൻ സമയമായി..
അവളെൻ ഹൃദയ ധമനികളിൽ
അമർത്തി ചുംബിക്കുന്നു
അതിനുള്ളിലുമവൾ
പ്രണയ വേലികൾ കെട്ടുകയാണ്..
അല്ലയോ
നിശാപുഷ്പങ്ങളേ,..
അവളെന്നിൽ
പൂർണ്ണതയിൽ ലയിക്കുമ്പോൾ
നിങ്ങൾ ഇതളുകളിൽ
ഞങ്ങളെ മറച്ചുവെക്കണേ..
ഹേ ..
ഋതു ശലഭങ്ങളേ,...
ഈ തേരിനു പിന്നാലെ
നിങ്ങളെന്തിനാണ് വട്ടമിട്ട് പറക്കുന്നത്..??
പിരിയാത്ത ഇണകളായ്
പ്രണയ പൂന്തോട്ടത്തിൽ
ഞങ്ങൾ
ഉല്ലസിക്കട്ടെ....
*പഞ്ചമി*
വോട്ടിങ്ങിൽ വിജയിയായ് പ്രഖ്യാപിച്ചത് പഞ്ചമിയെ ആയിരുന്നു. എല്ലാവർക്കും പതിവു പോലെ അവളുടെ ഈ രചനയും ഒത്തിരി ഇഷ്ടമായി.
" പഞ്ചമി നിന്റെ രചനയാണ് എല്ലാവരും തിരഞ്ഞെടുത്തിരിക്കുന്നത്. ഈ മത്സരത്തിലെ വിജയിയും നീ തന്നെയാണ്. പതിവു പോലെ ഇതിനും തലക്കെട്ട് ഇല്ലല്ലോ.. "
പ്രിയപ്പെട്ട അധ്യാപകന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് ഒത്തിരി സന്തോഷം തോന്നി. കൂടുതൽ ആഹ്ലാദത്തിൽ മതിമറന്നുല്ലസിക്കുമ്പോൾ പതിവ് പോലെ തന്നെ അവളുടെ കവിളുകളിൽ വിഷാദ മേഘങ്ങൾ പടർന്നു പന്തലിച്ചു. അവളത് എല്ലാവരിൽ നിന്നും മറച്ചു വെച്ചു.
" ഈ കവിതക്കൊരു തലക്കെട്ടുണ്ട് മാഷേ,. എന്നെ ഞാനാക്കിയ ഒരു തലക്കെട്ട്. അത് മീറ്റപ്പിൻ്റെ അന്ന് മാഷിന് രഹസ്യമായി ഞാൻ പറഞ്ഞു തരാം."
" എന്നാൽ അങ്ങനെയാവട്ടെ"
" പഞ്ചമി, നീ പറഞ്ഞ രണ്ട് ആഗ്രഹങ്ങളും വളരെ നിസ്സാരമാണ്. വിജയത്തിനുള്ള സമ്മാനമെന്ന നിലയിൽ അത് നമുക്ക് മീറ്റപ്പിൻ്റെ അന്നു തന്നെ നിറവേറ്റവുന്നതാണ്.."
അകൽമഷ തുടർന്നു
" അനുബന്ധ പരിപാടികൾ എന്തെങ്കിലും വേണോ..?? "
വിദ്യാർത്ഥികൾ പലരും പല രീതിയിലുള്ള പരുപാടികൾ ആസൂത്രണം ചെയ്തു. പഞ്ചമി മാത്രം മൗനത്തിലാണ്ടു.
" എന്താണ് പഞ്ചമി നിനക്ക് പറയാൻ ഒന്നുമില്ലെ"
മാഷിന്റെ സ്വരം ഒരശരീരി പോലെയാണ് അവളുടെ കാതിൽ പടർന്നത്
" മാഷേ, എൻ്റെ ആഗ്രഹങ്ങൾ നിസ്സാരമാണോ..?"
" അതേലോ.."
" അത് മാഷിനെ കൊണ്ട് നടത്താൻ സാധിച്ചില്ലെങ്കിലോ..? "
" എന്നെക്കൊണ്ട് തടത്താൻ സാധിച്ചില്ലെങ്കിൽ. ഞാനെന്റെ വസ്ത്രം ധരിച്ചിരിക്കുന്ന രീതി തന്നെ മാറ്റും. പാൻ്റും ഷർട്ടും മാറ്റി. ജുബ്ബയും മുണ്ടും തോളിലൊരു സഞ്ചിയും തൂക്കിയാവും പിന്നീടുള്ള കാലം എൻ്റെ നടത്തം ."
മാഷിന്റെ മറുപടി കേട്ട് പഞ്ചമിയും സഹപാഠികളും ഉറക്കെ ചിരിച്ചു. മറ്റു മലയാള ഭാഷാ അധ്യാപകരിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു അകൽമഷ. ആളൊരു മോഡേൺ സ്റ്റൈലിൽ നടക്കുന്ന വ്യക്തിയായിരുന്നു.
" ഒരു ജുബ്ബ വാങ്ങിവെച്ചേക്ക്. മാഷിന് ആവിശ്യം വരും. ജുബ്ബ ധരിച്ചു നിൽക്കുന്ന മാഷിൻ്റെ രുപമോർക്കുമ്പോൾ തന്നെ ചിരി അടക്കാൻ കഴിയുന്നില്ല. "
അതും പറഞ്ഞ് പഞ്ചമി ഉറക്കെ ചിരിച്ചു. അവളുടെ പുഞ്ചിരിയിൽ മതിമറന്ന കൂടെയുള്ളവരും ചിരിച്ചു. പലർക്കും അവളോട് അസൂയ തോന്നീട്ടുണ്ട് കാരണം ഈ ചിരി തന്നെയാണ്. ചിരിച്ചു കൊണ്ടല്ലാതെ പഞ്ചമിയെ ആവരാരും കണ്ടിട്ടില്ലായിരുന്നു.
ദിവസങ്ങൾ കടന്നു പോയി തൻ്റെ പ്രിയപ്പെട്ട സഹപാഠികളെ നേരിട്ടു കാണുന്ന ദിവസത്തിനായി പഞ്ചമിയും പ്രതീക്ഷയോടെ കാത്തിരുന്നു.
മീറ്റപ്പിൻ്റെ തലേ ദിവസം ഒന്നാം തീയ്യതി അർഥ രാത്രിയിലാണ് അകൽമഷയുടെ ഫോണിലേക്ക് തൻ്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളിൽ ഒരുവളായ പഞ്ചമിയുടെ നമ്പറിൽ നിന്ന് കാൾ വന്നത്.
അകൽമഷക്ക് ഉറപ്പായിരുന്നു പഞ്ചമി എന്തേലും കാരണം പറഞ്ഞ് താനുമായുള്ള പന്തയത്തിൽ നിന്ന് പിന്മാറാൻ വേണ്ടിയാണ് വിളിക്കുന്നതെന്ന്.
അകൽമഷ കാളെടുത്ത് പറഞ്ഞു
" നീ ഒന്നും പറയണ്ട. നാളെ രാവിലെ പത്ത്മണിക്ക് ബീച്ചിൽ വന്നാൽ മതി. പത്ത് മണിക്ക് തന്നെ വരണം. എല്ലാവരും അപ്പോൾ എത്താമെന്ന് പറഞ്ഞിട്ടുണ്ട്.."
പഞ്ചമിയുടെ പ്രതികരണം മൗനമായിരുന്നു
ശ്രദ്ധിച്ചു കേട്ടപ്പോൾ പഞ്ചമിയുടെ പക്കൽ നിന്ന് ചെറിയൊരു തേങ്ങിക്കരച്ചിലാണ് അകൽമഷക്ക് അനുഭവപ്പെട്ടത്.
ആയാൾ ആശ്ചര്യത്തോടു കൂടി ചോദിച്ചു
" അയ്യേ.. കുട്ടി എന്തിനാണ് കരയുന്നത്. ?"
കരയുന്ന വ്യക്തിയുടെ സ്വര വ്യത്യാസം കേട്ടപ്പോൾ അകൽമഷയ്ക്ക് മനസ്സിലായി അത് പഞ്ചമി അല്ലെന്ന കാര്യം..
സ്ഥപിച്ചു നിൽക്കുന്ന അകൽമഷോട് തേങ്ങലോടെ ആ സ്ത്രീ പറഞ്ഞു.
" അവൾ പോയി മാഷേ,.. എല്ലാവരെയും വിട്ട് പോയി.. എൻ്റെ കുഞ്ഞിന് നിങ്ങളെ ഒക്കെ നേരിട്ട് കാണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു എൻ്റെ മോൾക്ക് ദൈവം അതിനു പോലും അവസരം കൊടുത്തില്ലല്ലോ.."
ആ സ്ത്രീ വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അലറി കരഞ്ഞു.
അകൽമഷ സ്തഭിച്ചു നിന്നു. അയാളിൽ വാക്കുകൾ മരിച്ചിരിക്കുന്നു.
പഞ്ചമിയുടെ അമ്മയിൽ നിന്ന് നാല് വർഷത്തിലധികമായ് പഞ്ചമി അർബുദത്തിന് അടിമയാണ് എന്ന സത്യം അയാൾ മനസ്സിലാക്കുകയായിരുന്നു.
പിറ്റേ ദിവസം തങ്ങളുടെ സഹപാഠിയെ യാത്രയയയ്ക്കാൻ വിദ്യാർത്ഥികളും അധ്യാപകരും പഞ്ചമിയുടെ വീട്ടിൽ ഒരുമിച്ചു കൂടി.
അകൽമഷ കറുത്ത മുണ്ടും വെള്ള ജുബ്ബയും നിറഞ്ഞൊലിച്ച മിഴികളുമായ് അവർക്കിടയിലുണ്ടായിരുന്നു. അവർ മനസ്സിൽ കണ്ടിരുന്ന പഞ്ചമിയിൽ നിന്ന് തികച്ചും വ്യത്യസ്തയായിരുന്നു അവൾ.
ജന്മനാ അരയ്ക്ക് താഴേക്ക് വളർച്ച നഷ്ടപ്പെട്ട പഞ്ചമിയെയാണ് അവർക്ക് അവിടെ കാണാൻ കഴിഞ്ഞത്. പഞ്ചമിയുടെ കാലുകൾ ജന്മനാ ഇങ്ങനെയായിരുന്നു. നടുവിനു താഴെ അഞ്ചുവയസുകാരിയുടെ വളർച്ചയെ ഉണ്ടായിരുന്നുള്ളു അവൾക്ക്.
കണ്ടുനിന്ന സഹപാഠികളുടെ മനസ്സിൽ പഞ്ചമി പറഞ്ഞ ആഗ്രഹങ്ങളാണ് തെളിഞ്ഞു വന്നത്.
നിറഞ്ഞൊലിക്കുന്ന മിഴികളാൽ നിൽക്കുന്ന അകൽമഷയുടെ കൈകളിലേക്ക് പഞ്ചമിയുടെ അമ്മ ഒരു കത്ത് കൊടുത്തു കൊണ്ട് പറഞ്ഞു.
" മരണം ആസന്നമായ സമയത്ത് പഞ്ചമി നിങ്ങൾക്ക് തരാൻ പറഞ്ഞതാണ്.."
അകൽമഷ എഴുത്ത് വായിക്കാൻ തുടങ്ങി
" മാഷു പറഞ്ഞില്ലേ കവിതക്ക് തല കെട്ട് വേണമെന്ന് *അർബുദം* ഇതാണ് മാഷേ തലക്കെട്ട്. അയ്യേ..ജുബ്ബയിട്ട് നിൽക്കുന്ന മാഷിനെ കണ്ടിട്ട് എനിക്ക് ചിരി അടക്കാൻ കഴിയുന്നില്ല..
ഞാൻ പറഞ്ഞില്ലെ മാഷേ മാഷിനെ കൊണ്ട് കഴിയില്ലെന്ന്.. ഒത്തിരി ഇഷ്ടമായിരുന്നു നിങ്ങളെ എല്ലാവരേയുമെനിക്ക്"
നിറഞ്ഞ മിഴികളാൽ പഞ്ചമിയെ നോക്കിയ അകൽമഷയ്ക്ക്
ജുബ്ബ ധരിച്ച തന്നെ നോക്കി പഞ്ചമി പുഞ്ചിരിക്കുന്നത് പോലെ തോന്നി.
*അകൽമഷ*



