" ആത്മിക,..
എന്തേ.. അന്ന് പാതിവഴിയിൽ എല്ലാം വേണ്ടെന്നുവച്ചു പടിയിറങ്ങിയത്.."
" എല്ലാത്തിനും ഒരു അവസാനമില്ലെ മാഷേ,..
അന്ന് എൻ്റെ പ്രണയം പൂർണമായിരുന്നു. മാഷു തന്നെ പറയാറില്ലേ ഏതൊരു വസ്തുവും പൂർണമായി കഴിഞ്ഞാൽ പിന്നീടുള്ള അതിന്റെ വികാസം അതൊരു പൊട്ടിത്തെറിയിലേക്കായിരിക്കുമെന്ന്. പൊട്ടിത്തെറിയിലേക്ക് വഴിയൊരുക്കാൻ ഞാനാഗ്രഹിച്ചിരുന്നില്ല. സ്വയം ചുരുങ്ങി തീരാമെന്നു കരുതി..
ഇത്ര നാളായിട്ടും മാഷ് അതൊന്നും മറന്നില്ലേ..?."
" പാതി വഴിയിൽ നീ തിരികെ അകലുമ്പോൾ
ഞാനന്ന് പറഞ്ഞിരുന്നല്ലോ
മറക്കുവാൻ എനിക്കാവില്ലെന്ന്.
മരണം വിടരും നാൾ വരെ അതിന് കഴിയില്ലെന്ന്.."
" അതൊക്കെ മാഷിന്റെ വെറും തോന്നലുകളാണ്.
ഹൃദയത്തിൻ്റെ പടവുകൾ കയറി പുതിയ ചുവടുകൾ പതിയുമ്പോൾ ആ ശീതക്കാറ്റിൽ പഴയ കാൽപ്പാടുകളൊക്കെ പതിയെ പതിയെ മാഞ്ഞു പോവും.
സമയമായി..
എന്നാൽ ഞാൻ പോട്ടെ മാഷേ.."
"ആത്മിക,"
" എന്താ മാഷേ,.. "
" നീ.. ഓർമ്മകൾ മായ്ച്ചു കളഞ്ഞ മഷിത്തണ്ട് എനിക്കൊന്ന് തരുമോ..??
എത്ര ശ്രമിച്ചിട്ടും മായുന്നില്ല എന്നുള്ളിൽ നിന്ന് നിന്നോർമ്മകളൊന്നും.."
പുഞ്ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു
" അനുഭവങ്ങളിൽ നിന്ന് ഓർമ്മകളിലേക്ക്...
ഓർമ്മകളിൽ നിന്ന് മറവിയിലേക്ക്...
മറവിയിൽ നിന്ന് ശൂന്യതയിലേക്ക്..
അനുഭവങ്ങളിൽ നിന്ന് ഞാൻ പതിയെ ഓർമ്മകളിലേക്ക് ചുരുങ്ങിയില്ലെ..?
പതിയെ പതിയെ എന്നോർമ്മകളും മറവിയിലേക്ക് മറഞ്ഞു പോവും മാഷേ..
" ആത്മികാ,.
ഋതുക്കൾ മാറിമറഞ്ഞാലും
പ്രണയ ശ്മശാനങ്ങളിൽ വിരഹ വേനൽ ആഴ്ന്നിറങ്ങിയാലും..
മഴത്തുള്ളികൾ പുഴയോരങ്ങളിൽ നിന്ന് സമുദ്രത്തിനാഴങ്ങളിൽ അസ്തമിച്ചാലും..
ഓർമ്മകൾക്ക് തിരശ്ശീല വീഴും നാൾ വരെ ഞാനുണ്ടാവും നിന്നെയും കാത്ത് ഈ വാകച്ചുവട്ടിൽ.."
" മാഷേ,..
ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയാതെ മരണപ്പെട്ടവർ അവരുടെ ആഗ്രഹ സഫലീകരണത്തിനായ് ദുരാത്മക്കളായ് പുനർജനിക്കാറില്ലേ..?
" അറിയില്ല അങ്ങനെ പറഞ്ഞു കേൾക്കുന്നു.."
" മാഷിന് ദുരാത്മാക്കളെ ഭയമില്ലല്ലോ..? "
" അതെന്തേ അങ്ങനെയൊരു ചോദ്യം.."
തിരികെ നടന്നു കൊണ്ടിരുന്ന അവൾ പതിയെ നിരിഞ്ഞു കൊണ്ട് അയാളോട് പറഞ്ഞു
" ഒന്നുമില്ല മാഷേ..
ചുമ്മാ പറഞ്ഞതാ.."
നിറക്കണ്ണുകളാൽ തിരികെ നടന്നകലുമ്പോൾ..
ദേഷ്യം വന്നാൽ തിളങ്ങുന്ന അവളുടെ മൂക്കുത്തി കല്ലിനെ ചുവപ്പിച്ചു കൊണ്ട്. മൂക്കിലൂടെ ചുടു രക്തം വാർന്നൊലിക്കുന്നുണ്ടായിരുന്നു..
*അകൽമഷ*
No comments:
Post a Comment