നിള







            *നിള*



ചില ഞായറാഴ്ച ദിവസങ്ങളിൽ നളിനി പാർക്ക് എന്തോ പതിവിലും സുന്ദരിയായി ഒരുങ്ങി നിൽക്കാറുണ്ട്. അതു പോലെ ഒരു ഞായറാഴ്ചയാണ് ഇന്നെന്നു പറയാം. വാനം മഴവില്ലു കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇളം മന്ദമാരുതൻ മഴത്തുള്ളികളെ പൂന്തോട്ടത്തിലേക്ക് ആനയിച്ചു കൊണ്ടുപോവുന്നത് പോലെ.
പ്രണയത്തിൽ മതിമറന്ന പനിനീർ പൂക്കളും, ഭ്രാന്തിൽ ചുവന്ന ചെമ്പരത്തിയും, വിരഹത്തിന്റെ കഥ പറഞ്ഞ ഒറ്റ മന്ദാരവും എല്ലാമിന്ന് ഒരു പോലെ ഈ ചാറ്റൽ മഴയിൽ നനഞ്ഞിരിക്കുന്നു.  പാർക്കിന്റെ മനോഹാരിതയിലേക്ക് കണ്ണോടിക്കുമ്പോഴാണ്  അയാളുടെ കണ്ണുകളെ അവൾ കോറി വലിച്ചത്. നീല വസ്ത്രധാരിയായ ഒരു പെൺകുട്ടി. ചാറ്റൽ മഴയെ അവൾ മതിമറന്നു ആസ്വദിക്കുന്നത് പോലെ. മഴത്തുള്ളികൾ പനിനീർ പൂക്കളിൽ നിന്നകന്നു അവളുടെ നെറുകയിൽ മുത്തമിട്ടു ചിതറിത്തെറിക്കുന്നുണ്ട്. ശലഭങ്ങൾ നീല ഇതളുകളുള്ള പുഷ്പമെന്ന് കരുതിയാവണം അവൾക്ക് ചുറ്റും വട്ടമിട്ടു പറക്കുന്നു.
വെളുത്ത് ചുവപ്പു കലർന്ന മുഖം. അവളുടെ മുഖത്തു കൂടി മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്നു. അവളെ കൂടുതൽ മനോഹരിയാക്കുന്നത്  നീല നിറത്തിലുള്ള കണ്ണുകളാണ്. പ്രകൃതി ഇത്രയും സുന്ദരിയായി അണിഞ്ഞൊരുങ്ങി നിന്നിട്ടും അതിനെയൊന്നും കണ്ട ഭാവം പോലും നടിക്കാതെ  നഗരത്തിന്റെ തിരക്കിലേക്ക് കണ്ണെടുക്കാതെ തുറിച്ചു നോക്കുന്ന അവളെ കണ്ടപ്പോൾ അതിനുമാത്രം എന്താണ് അവിടെ ഉള്ളതെന്നറിയാൻ വേണ്ടി അവൻ  അവളിരുന്ന ബെഞ്ചിൽ പോയിരുന്നു. നിർഭാഗ്യവശാൽ അവനു അവിടെ ഒന്നും കാണാൻ സാധിച്ചില്ല.
ആരോ തൻ്റെ അടുത്തിരുന്നിട്ടുണ്ട് എന്നു മനസ്സിലാക്കിയ അവളുടെ കണ്ണുകൾ ലക്ഷ്യബോധമില്ലാതെ കുതറിയോടാൻ തുടങ്ങി. പരിഭ്രമം കൊണ്ട് അവളുടെ കവിൾത്തടങ്ങൾ ചുവന്നു തുടുത്തു. കൈകൾ കൊണ്ടു തവിട്ടു നിറത്തിലുള്ള അവളുടെ മുടിയിഴകൾ പതിയെ കാതിൻ്റെ പിറകിലേക്ക് മാറ്റി നിർത്തി എന്തോ കേൾക്കണമെന്ന പ്രതീക്ഷയോടെ അവൾ ചോദിച്ചു.

" ആരാണ്..?? "

അപ്പോഴും അവളുടെ കണ്ണുകൾ എവിടേയും ഉറച്ചു നിൽക്കുന്നില്ല  ലക്ഷ്യബോധമില്ലാതെ അവ എന്തിനെയൊക്കെ തിരയുന്നുണ്ട്. മറുപടി കൊടുക്കാൻ കഴിയാത്ത വിധം അവൻ്റെ മൊഴികൾ അവളുടെ കണ്ണുകളിൽ ബന്ദിയായി കിടന്നു.
പ്രതികരണം ഇല്ലാത്തതിനാലാവണം അവളുടെ ശബ്ദമൊന്ന് പതറി കൊണ്ട് അവൾ പിന്നെയും തുടർന്നു.

" ആരാണത്..? "

അവൻ എന്തു പറയണമെന്ന് അറിയാതെ സ്വയം ചിന്തിച്ചു.
എത്ര മനോഹരമായ കണ്ണുകളാണ് ഇവളുടേത് എന്നിട്ടും ദൈവം അതിൽ നിന്നെന്തേ വെളിച്ചത്തെ മറച്ചു വെച്ചു...!!

" പുറകിൽ മനോഹരമായ പൂന്തോട്ടമുണ്ട് ആകാശത്ത് മനോഹരമായ മഴവില്ലും എന്നിട്ടും അവയൊന്നും കണ്ട ഭാവം പോലും നടിക്കാതെ ഈ നഗരത്തിന്റെ ട്രാഫിക് തിരക്കുകളിലേക്ക് മാത്രം തുറിച്ചു നോക്കുന്നത് കണ്ടപ്പോൾ അതിനു മാത്രം അവിടെ എന്താണുള്ളതെന്ന് അറിയാൻ ഒരു കൗതുകം. അങ്ങനെ തൻ്റെ അടുത്തു വന്നിരുന്നതാണ്.."

അവൻ്റെ മറുപടിയിൽ നെറ്റി ചുളിച്ചു കൊണ്ട് ചെറിയൊരു പുഞ്ചിരിയോടെ അവൾ തുടർന്നു.

" ശ്ശോ... പൂന്തോട്ടം പുറകുവശത്താണോ...  
ഞാൻ ആദ്യമായിട്ടാണ് ഈ പാർക്കിൽ വരുന്നത്..
ഈ മണ്ടത്തരം കണ്ടിട്ടും മാഷിനു മനസ്സിലായില്ലേ 
എനിക്ക് കണ്ണു കാണില്ല മാഷേ.."  

അതും പറഞ്ഞ് അവൾ പൂക്കൾക്ക് നേരെ തിരിഞ്ഞിരുന്നു..

" മാഷേ.. ഇപ്പൊ ശരിയല്ലേ..?? "

" അതേടോ.. ആട്ടെ തൻ്റെ കണ്ണിനു എന്തുപറ്റി...??"

" കുട്ടി ആയിരുന്നപ്പോൾ ഒരു ആക്സിഡന്റ് പറ്റിയതാണ്.. കുറേ ചികിത്സിച്ചു. പണം പോയത് മിച്ചം.."

അവളുടെ മുഖഭാവം കണ്ടയുടനെ  അയാൾക്ക് മനസ്സിലായി അവൾക്ക് കണ്ണിനെ കുറിച്ച് സംസാരിക്കാൻ താൽപര്യമില്ലെന്ന്. പലരും സഹതാപ വാക്കുകൾ പറഞ്ഞതിനാലാവണം അവൾക്ക് അതും വെറുത്തു തുടങ്ങിയിരിക്കുന്നു..
അയാൾ സ്വയം പറഞ്ഞു.ഏത് വാക്കും കൂടുതൽ കേട്ടാൽ ആർക്കായാലും വെറുപ്പു തോന്നും..

" ഒരു കാര്യം നോക്കിയാൽ തനിക്ക് കാഴ്ച ഇല്ലാത്തത് നന്നായി.." 

" അതെന്താ മാഷേ അങ്ങനെ പറഞ്ഞത്..?? "

പതിവിലും വിപരീതമായ സംസാരമായിരുന്നു അയാളുടേത്. സാധാരണ വേറെ പലരുമായിരുന്നെങ്കിൽ  കേട്ടു മടുത്ത സഹതാപത്തിൻ്റെ വാക്കുകളായിരിക്കും 

" ഏയ്.. തനിക്ക് കാഴ്ച ഉണ്ടായിരുന്നെങ്കിൽ  തൻ്റെ കണ്ണുകണ്ട് താൻ തന്നെ മതിമറന്നു പോയേനെ.." 

" എന്നെ സംബന്ധിച്ചിടത്തോളം  മുഖത്ത് ഭാരമായി കിടന്നു കറങ്ങുന്ന രണ്ടു ഗോളങ്ങളാണ് മാഷേ.. ഈ കണ്ണുകൾ..."

ആ വാക്കുകൾക്ക് മറുവരി പറയാൻ അവൻ അശക്തനായിരുന്നു...

" അതൊക്കെ അവിടെ നിൽക്കട്ടെ മാഷു പേരു പറഞ്ഞില്ലല്ലോ..?? "

" അതിനു താൻ പേരു ചോദിച്ചില്ലല്ലോ.." 

അതും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ടു അയാൾ പേരു പറഞ്ഞു 

" അകൽമഷ "

" ആഹാ കൊള്ളാല്ലോ മാഷേ. അകൽമഷ... പാപമില്ലാത്തവൻ..." 

" താനാളു കൊള്ളാല്ലോ.. സാധാരണ എൻ്റെ പേരു പറഞ്ഞാൽ പലരും തുറിച്ചു നോക്കാറാണ് പതിവ്.ഇതുപ്പോൾ അർത്ഥസഹിതം തിരിച്ചു പറഞ്ഞിരിക്കുന്നു.." 

അതും പറഞ്ഞു ആശ്ചര്യത്തോടു കൂടി അയാൾ അവളെ നോക്കി

"  ഇതൊന്നും അറിയാതെ ഞാൻ പിന്നെ മലയാളം ടീച്ചറായിട്ട് എന്താണ് കാര്യം.."

" ആഹാ എന്നും പുതുമകളാണല്ലോ.. ടീച്ചറാണോ..?? "

" അതേലോ.." 

" പേരു പറഞ്ഞില്ലല്ലോ..?? "

" നിള.. ചിലർ നിളാ.... എന്നും വിളിക്കും.."

" എന്നാൽ പിന്നെ ഞാനും നിളാ... എന്നു വിളിക്കാം.."

വാക്കുകൾ അസ്തമിക്കാതെ അവർ മുൻ പരിചയമുള്ളവരെ പോലെ സംസാരിച്ചു കൊണ്ടിരുന്നു...

മഴവില്ലു മാഞ്ഞു...
മഴമേഘം മറഞ്ഞു...
പൂവിനെ സ്നേഹിച്ച പൂമ്പാറ്റയും പൂ വണ്ടും പറന്നകന്നു...

നേരം സന്ധ്യയായി..
നഗരത്തിന്റെ വഴിയോരങ്ങളിൽ വിളക്കുകൾ പ്രകാശിച്ചു തുടങ്ങി..
ദേശാടന പക്ഷികളും കരിഇലകളും നിലാവിൻ്റെ വരവിനായ് കാത്തിരിക്കാൻ തുടങ്ങി..

"മാഷേ.. സമയം കുറേയായി എന്നാൽ ഞാനങ്ങോട്ട് തെറിച്ചാലോ..? "

" ഏയ് പോവാനായിട്ടില്ല.. "

" അതെന്താ മാഷേ.. സമയം കുറേ ആയില്ലേ..?? " 

" താനൊന്നു വാടോ.." 

അതും പറഞ്ഞു അയാൾ അവളുടെ കയ്യിൽ പിടിച്ചു നടക്കാൻ തുടങ്ങി...

" നിള പെണ്ണേ... താൻ വാക മരത്തെ കുറിച്ചു കേട്ടിട്ടുണ്ടോ..?? " 

" അതേലോ.." 

" സംസാരിക്കുന്ന വാക മരത്തെ കുറുച്ചു കേട്ടിട്ടുണ്ടോ...?? " 

തന്നെ പരിഹസിച്ച താണോ എന്നൊരു തോന്നൽ 
പുഞ്ചിരിച്ചു കൊണ്ടു അവൾ പറഞ്ഞു.

" ഒന്നു പോ മാഷേ... ചുമ്മാ കളിയാക്കാതെ.."

" അല്ലടോ താൻ വാടോ.. "

പ്രതീക്ഷയോടെ അവൾ അയാളുടെ കയ്യും പിടിച്ചു നടക്കാൻ തുടങ്ങി..

" അല്ല മാഷേ.. ശരിക്കും സംസാരിക്കോ..??" 

" ആടോ.. താൻ നടക്ക് കുറച്ചൂടെയുള്ളു. അതും കൂടി  കണ്ടിട്ട്  പോവാം.."

പുഞ്ചിരിച്ചു കൊണ്ടു അവൾ പറഞ്ഞു

" ഇതു നല്ല കഥ ഞാൻ എങ്ങനെ കാണാനാണ് മാഷേ..??? മാഷു കാണും ഞാൻ കേൾക്കും.." 

" തനിക്കും കാണാടോ.. കാണാൻ കണ്ണു വേണമെന്നില്ല.."

" മാഷു പറഞ്ഞത് ശരിയാണ് കാണാൻ കണ്ണു വേണമെന്നില്ല. ഒരു വട്ടം കണ്ടവർക്ക് മാത്രം.. എനിക്ക് എൻ്റെ രൂപം പോലും എങ്ങനെയാണെന്ന് അറിയില്ല... ചുറ്റും ഇരുട്ടാണ് മാഷേ... ഒരു നാൾ അത് മനസ്സിലും പടരും...."

അവളോട് തിരിച്ചു പറയാൻ അയാൾക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല..
അവളുടെ കൈകളിൽ മുറുകേ പിടിച്ചു കൊണ്ട് അവൻ നടന്നു...

ചുറ്റും കരുവികളുടെ ശബ്ദം. അവർ പരസ്പരം ഉറക്കെ സംസാരിക്കുന്നത് പോലെ..
വാക മരത്തിന്റെ തറയിലിരുത്തി കൊണ്ട് അയാൾ പറഞ്ഞു..

" നിള പെണ്ണേ... എങ്ങനെയുണ്ട്..? "

ആശ്ചര്യത്തോടു കൂടി അവൾ  പറഞ്ഞു

" ഈ വകമരത്തിൽ ഇത്രത്തോളം കുരുവികളുണ്ടോ.. കൊള്ളാല്ലോ മാഷേ... സംസാരിക്കുന്ന വാക മരം ..."

അതിലെ ഓരോ ഗുൽമോഹർ പൂക്കളും പൊഴിഞ്ഞു കൊണ്ടിരുന്നു..  പുതിയൊരു വസന്ത കാലത്തിനെ വരവേൽക്കാനായ്..
കുരുവികളും വാകമരവും സംസാരിക്കുന്നതും കേട്ട് അവർ കുറേ സമയം അവിടെ തന്നെ ഇരുന്നു..

" മാഷേ.. എന്നാൽ പോയാലോ..??" 

അയാളുടെ പ്രതികരണം മൗനമായിരുന്നു..

" അല്ല മാഷേ.. ഇനി എന്നാണ് കാണാ.."

പുഞ്ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു..

" ഈ മഴ പുഴയായ് ഒഴുകുന്ന നാൾ.. ഈ വാക മരം ഗുൽ മോഹർ പൂക്കളായ് ഉദിച്ചു നിൽക്കുന്നന്ന്.." 

" ഏ... അതൊക്കെ ഞാൻ എങ്ങനെ അറിയാനാണ് മാഷേ.."

" താൻ വരുമെങ്കിൽ എല്ലാ ഞായറിലും ഞാൻ ഇവിടെ തന്നെയുണ്ടാവും.."


" ഉണ്ടായാൽ മതി.."

അതും പറഞ്ഞ്  അവൾ തൻ്റെ ബാഗിൽ നിന്നു സ്റ്റിക്കെടുത്ത് ഗുൽമോഹർ പൂക്കളെ ഞെരിച്ചമർത്തി കൊണ്ട് പുഞ്ചിരിച്ച മുഖവുമായി നടന്നകന്നു...


         ഇരുട്ടു നിറഞ്ഞ ദിനങ്ങളിൽ  വെളിച്ചത്തിലേക്ക് നയിച്ചവൻ.. അകൽമഷ ആ നാമം അവളുടെ ഹൃദയത്തിൽ അവൾ പോലുമറിയാതെ ഒരിടം പിടിച്ചിരിക്കുന്നു.തനിച്ചിരിക്കുന്ന ഹോസ്റ്റൽ രാവുകളിൽ അവൻ്റെ വാക്കുകളെ കൂട്ടു പിടിച്ചു അവൾ പലതും ചിന്തിച്ചു കൂട്ടി. പറയാതെ തേടിവന്ന സൗഹൃദങ്ങളുടെ ഒരു വലിയ ലോകം തന്നെ അവൾക്കുണ്ടായിരുന്നു. കാലത്തിൻ്റെ കുത്തൊഴുക്കിൽ  നഷ്ടപ്പെട്ടു പോയവരിൽ പുതിയൊരു നാമമായി ഇവനേയും ചേർക്കേണ്ടി വരുമോ...?? ആ ഉൾവിളിയിൽ അവൾ ചെറുതായൊന്ന് ഭയപ്പെട്ടു.  
അവളുടെ ചിന്തകൾ മുഴുവനും അവനിൽ കേന്ദ്രീകരിച്ചു.  ദിവസങ്ങൾ കടന്നു പോയി.. എല്ലാ ഞായറാഴ്ചകളിലും അവർ പരസ്പരം കാണാൻ തുടങ്ങി. പല ഞായറാഴ്ചകളും അവർക്കു പ്രിയപ്പെട്ടതായിരുന്നു അങ്ങനെയൊരു ഞായറാഴ്ച. അണിഞ്ഞൊരുങ്ങി അവൾ പ്രതീക്ഷയോടെ പാർക്കിലേക്ക് യാത്ര തുടർന്നു.

ചുവപ്പു ദാവണിയുത്ത് കാറ്റിൽ കലപില  സംസാരിക്കുന്ന കരിവളയും, ദേഷ്യം വന്നാൽ തിളങ്ങുന്നൊരു മൂക്കുത്തികല്ലും ധരിച്ച്  കഥപറയുന്ന മിഴികളാൽ  ചിന്താവിഷ്ടയായി ഇരിക്കുന്ന അവളെ കണ്ടപ്പോൾ അയാൾ കണ്ണെടുക്കാതെ കുറേ സമയം നോക്കി നിന്നു..

" മാഷു വന്നോ..?? " 

അവളുടെ ആ ചോദ്യം കേട്ടപ്പോൾ അയാൾ ഒന്ന് പകച്ചു പോയി..

" താനിതെങ്ങനെ അറിഞ്ഞു..??" 

" അതൊക്കെയുണ്ട്.." 

" ജാഡ കാണിക്കാതെ ഒന്നും പറ പെണ്ണേ.." 

അവൾ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു 

"വലിയ സൈക്കോളജിസ്റ്റ് ഒക്കെ ആയിട്ടെന്താ കാര്യം.. ഇപ്പോഴും ഇതൊന്നുമറിയില്ലേ..?? " 

" താനൊന്ന് പറയടോ.." 

" പറയാൻ മാത്രം ഒന്നുമില്ല മാഷേ... മാഷിന്റെ വിയർപ്പിന്റെ ഗന്ധം എനിക്കു പെട്ടന്ന് മനസ്സിലായി.."

" താനാളു പൊളിയാണ്.." 

അതു കേട്ടയുടനെ അവൾ മ്മ് എന്നു മൂളി...
അവർ പരസ്പരം കുറേ സംസാരിച്ചിരുന്നു...

പെട്ടെന്ന് അപ്രതീക്ഷിതമായി തപ്പി തടഞ്ഞു അവൻ്റെ കൈ പിടിച്ചു കൊണ്ട് അവൾ ചോദിച്ചു...

" മാഷേ.." 

അയാളൊന്നു മൂളി

" മാഷേ..."

" ആ.. പറ പെണ്ണേ.." 

" മാഷേ.. എനിക്ക് ഇവിടെയൊക്കെ കാണിച്ചു തരോ..? " 
പുഞ്ചിരിച്ചു കൊണ്ടു അവൾ പിന്നെയും തുടർന്നു 

" അല്ല മാഷേ.. പറഞ്ഞു തരോ..?? "

" താൻ നോക്കിക്കോ ഒരു ദിവസം വെളിച്ചം വരും താനിവിടെയോക്കെ കാണും.."

പരിഹാസം കലർന്ന ചിരിയോടു കൂടി അവൾ പറഞ്ഞു.
" നടന്നത് തന്നെ.." 
"  ഒക്കെ നടക്കും..." 

അതും പറഞ്ഞു അയാൾ അവളുടെ കൈ പിടിച്ചു നടക്കാൻ തുടങ്ങി...

" മാഷേ എനിക്കിപ്പോൾ ആരൊക്കെയോ  ഉള്ള പോലെ ഒരു തോന്നാൽ.. നടക്കില്ലെന്ന് അറിയാം അഥവ എന്നെങ്കിലും എനിക്ക് കാഴ്ച കിട്ടുകയാണെങ്കിൽ മാഷിന്റെ  കൈ പിടിച്ചു എനിക്കീ  ആൽത്തറയിലും വാക ചുവട്ടിലുമൊക്കെ വന്നിരിക്കണം.." 

എന്നും കൂടെയുണ്ടാവുമെന്ന ഭാവത്തിൽ അയാളവളുടെ കരം മുറുകെ പിടിച്ചു കൊണ്ടു പറഞ്ഞു..

" താൻ പിന്നെ ഡോക്ടറിനെ കാണിച്ചില്ലേ..?? " 

" കുട്ടിയായിരുന്നപ്പോൾ കാണിച്ചതാണ്.. എനിക്കു അതിലുള്ള പ്രതീക്ഷയോക്കെ നഷ്ടപ്പെട്ടു മാഷേ.. എന്നാലും എന്തോ ഇപ്പൊ മാഷിനെയൊക്കെ കാണണമെന്നൊരു തോന്നൽ..." 

അയാൾ പെട്ടന്ന് ആൽ തറയിൽ നിന്നെഴുന്നേറ്റു..

" താൻ വാടോ നമുക്കൊരു സ്ഥലം വരെ പോവാം.."

" എവിടേക്ക്.." 

"  വാടോ.. " 

അതും പറഞ്ഞു അയാൾ അവളുടെ കൈപിടിച്ചുയർത്തി 

" ഒന്നു പറ മാഷേ.."

" ഇവിടെ അടുത്തൊരു നല്ല ഹോസ്പിറ്റലുണ്ട് നമുക്കൊന്ന് അവിടെ വരെ പോവാം..." 

" ഇപ്പൊഴോ...?? ഈ മാഷിനിതെന്തു പറ്റി..?? " 

" വാടോ.." 

അവരു നടക്കാൻ തുടങ്ങി...
നടത്തത്തിനിടക്ക് അവളുടെ കാൽ വീണു കിടക്കുന്ന പൂ ചട്ടിയിൽ പോയിടിച്ചു..

" അതെന്താ മാഷേ..?? " 

" ഒന്നുമില്ലടൊ ആരോ പറച്ചെറിഞ്ഞ ഒരു പനിനീർ ചെടിയാണ്.." 

അത് തിരികെ ചട്ടിയിൽ സ്ഥാപിച്ചതിനു ശേഷം അവർ ഹോസ്പിറ്റലിനെ ലക്ഷ്യമാക്കി യാത്ര തുടർന്നു..

" മാഷേ.. മഴ പെയ്യുന്നുണ്ടെന്ന് തോന്നുന്നു .." 

" ഇല്ലല്ലോ.." 

" എൻ്റെ കയ്യിൽ എന്തോ ഇറ്റു വീണ പോലെ.." 

അവളുടെ കയ്യിൽ നോക്കിയതിനു ശേഷം അവൻ വല്ലാതെ പരിഭ്രമിച്ചു. ധൃതിയിൽ ടവ്വലുകൊണ്ട് അവളുടെ കയ്യിലെ ചോരത്തുള്ളിയും അവൻ്റെ മൂക്കിലൂടെ ഒലിച്ചിറങ്ങുന്ന ചുടു ചോരയും തുടച്ചു കൊണ്ടായിരുന്നു അവൻ പറഞ്ഞത് 

" ഇടയ്ക്ക് ആനന്ദത്തിൽ  മതിമറക്കുമ്പോൾ എന്തിനെയൊക്കയോ ഓർമ്മിപ്പിക്കുന്ന ഒരു തരം മഴത്തുള്ളി.."

അതിൽ നിന്ന് എങ്ങനെയൊക്കെ അവളുടെ ശ്രദ്ധ തിരിച്ചവിട്ടു..  നടന്നു നടന്നു അവർ ഹോസ്പിറ്റലിൻ്റെ മുന്നിലെത്തിയിരിക്കുന്നു..
അൽപസമയത്തെ കാത്തിരിപ്പിനു ശേഷം ഡോക്ടർ വന്നു നിളയുടെ കണ്ണുകളെ വിശദമായി പരിശോധിച്ചു..

" എന്താ നിള ഇത്രയ്ക്കും വൈകിയത്.  ഇതു നമുക്ക് ഓപ്പറേഷൻ ചെയ്തു ശരിയാക്കാനേയുള്ളു.."

അവൾക്ക് ആ വാക്കുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല

" അല്ല സാർ . ഞാൻ ഇതിനു മുൻപ് കാണിച്ചപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്.."

" എന്നാണ് കാണിച്ചത്..?? " 

" കുട്ടിയായിരുന്നപ്പോൾ.." 

" താൻ ഈ ലോകത്തൊന്നുമല്ലേ.. ശാസ്ത്രവും  വൈദ്യ ശാസ്ത്രവും ദിവസം ദിവസം പുരോഗമിച്ചു കൊണ്ടിരിക്കുയാണ്.. തനിക്ക് കാഴ്ച തിരിച്ചു കിട്ടും.."

അവൾക്ക് സന്തോഷം അടക്കാനായില്ല  ആനന്ദത്താൽ അവളുടെ കണ്ണുകൾ ചാലിട്ടൊഴുകി. പിന്നെയും പിന്നെയും അവളാ വാക്കുകൾ കേൾക്കാൻ കൊതിച്ചു..

" ടെസ്റ്റും കാര്യങ്ങളൊക്കെ കൂടി ഏകദേശം 9 ലക്ഷം രുപ ചിലവു വരും.."

അവളെ സംബന്ധിച്ചു അതൊരു ഭാരിച്ച തുകയാണ്  എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്ന 
അവളുടെ കൈകളെ മുറുകെ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു 

" താൻ ടെൻഷനടിക്കണ്ട നമുക്ക് ശരിയാക്കാന്നേ.." 

ആ ചേർത്തു നിർത്തൽ അവൾക്കെന്നും ഒരു കരുത്തായിരുന്നു..

നേരം സന്ധ്യയായി തിരിച്ചു ഹോസ്റ്റലിലേക്ക് പോവുന്ന നിളയുടെ മുഖം സന്തോഷത്തിൽ മതിമറന്നിരുന്നു..  വിടർന്നു നിൽക്കുന്ന പനിനീർ പൂവു പോലെ...

തൻ്റെ പരിഭവം അവളറിയണ്ട എന്നു കരുതി. മിനിറ്റുകൾ ഇടവിട്ടു കൊണ്ട് മൂക്കിലൂടെ ഒലിച്ചിറങ്ങുന്ന ചോരത്തുള്ളികൽ അവൻ മറച്ചു വെച്ചു കൊണ്ടാണ് നിളയെ യാത്രയയിച്ചത്.

നിള കണ്ണിൽ നിന്നു മറഞ്ഞു എന്നുറപ്പയപ്പോൾ അവൻ ധൃതിയിൽ വണ്ടിയും കൊണ്ട് അമൃത ഹോസ്പിറ്റലിലേക്കു പോയി.. 
കുറച്ചു സമയത്തെ കാത്തിരിപ്പിനു ശേഷം മുന്നാം നിലയിലെ  നാരായണൻ ഡോക്ടറുടെ റൂമിലേക്ക് പ്രവേശിച്ചു  അവൻ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു..

" കാര്യങ്ങൾ കൂറേ കൂടി കോംപ്ലിക്കേറ്റഡായിട്ടുണ്ട്.. അന്നു പറഞ്ഞത് തന്നെയാണ്  ഇന്നും പറയാനുള്ളത്.. 
എല്ലാം ദൈവത്തിൻ്റെ കയ്യിലാണ്.. തന്നോട് കുറേ കാലമായില്ലെ പറയുന്നു ഇവിടെയൊന്ന് അഡ്മിറ്റാവാൻ.."

" ഇനി എത്ര നാൾ..?."

" ഏതാനും മാസങ്ങൾ.. പേടിക്കേണ്ട ഈ സ്റ്റേജിൽ നിന്നും കുറേ പേർ രക്ഷപ്പെട്ടുവന്നിട്ടുണ്ട്.. നമുക്ക് ശ്രമിക്കാടോ.." 

പ്രതീക്ഷയർപ്പിക്കാൻ പറയുന്ന ഡോക്ടറുടെ വാക്കുകളിലെ പ്രസന്നത മുഖത്തില്ലായിരുന്നു..
ജീവിതത്തെ ഒന്നു ആഗ്രഹിച്ചു തുടങ്ങിയപ്പോൾ എല്ലാത്തിനും തിരശ്ശീലയിടാൻ കാലം വന്നിരിക്കുന്നു.. ഇപ്പൊ എന്തോ മരണത്തെ ഭയം പോലെ.. ആരൊക്കെയോ നഷ്ടമാവുമോ എന്നൊരു തോന്നൽ ...  
ദിവസങ്ങൾ കടന്നു പോയി...
അവരുടെ ബന്ധത്തിൻ്റെ വീര്യം കൂടിവന്നു, 

അവൻ നിളയിൽ നിന്നെല്ലാം മറച്ചു വെച്ചു. തനിക്ക് ഇനി കൂടുതൽ കാലമില്ല കൂടി വന്നാൽ ഏതാനും ദിവസങ്ങൾ. താനെങ്ങാനും പെട്ടെന്നു പോയാൽ അവൾക്കു താങ്ങാൻ കഴിയില്ല കണ്ണിലെ ഇരുട്ട് പതിയെ അവളുടെ മനസ്സിലേക്കും ഇടിച്ചു കയറും. 
അതിനു മുൻപ് എന്തെങ്കിലും ചെയ്യണം. അവളെ വെളിച്ചത്തിൻ്റെ ലോകത്തിലേക്ക് തിരിച്ചു കൊണ്ടു വരണം. അതിനെന്താ മാർഗം എത്ര ചിന്തിച്ചിട്ടും ഒരു പിടിയുമില്ല.  

അവൻ അവനോടു തന്നെ പറഞ്ഞു ജഡത്തിനെന്തിനാണ് വീടും സ്ഥലവും. ഒക്കെ പെറുക്കി വിറ്റാൽ ഒരു 15 ലക്ഷം കിട്ടും. 
അവനാ തീരുമാനത്തിൽ ഉറച്ചു നിന്നു. വീടും സ്ഥലവും വിറ്റ പണം ഹോസ്പിറ്റലിൽ നിളയുടെ ഓപറേഷനു വേണ്ടി അടച്ചു കൊടുത്തു. മിച്ചം വന്ന തുക കയ്യിലെടുത്തു കൊണ്ടാണ് അവൻ പാർക്കിലേക്ക് വന്നത്. 

തുടക്കത്തിൽ കണ്ട നീല വസ്ത്രവും ധരിച്ച് കഥപറയുന്ന കണ്ണുകളാൽ  ചിത്രശലഭത്തെ പോലെ ഇരിക്കുന്ന നിളയേ കണ്ടപ്പോൾ അയാളുടെ മിഴികൾ നിറഞ്ഞിരുന്നു. തിരിച്ചു പോവാൻ കഴിയാത്ത വിധം കാലം കുതിച്ചു മുന്നേറിയിരിക്കുന്നു. നിള  ഇനിയാ നാമം തനിക്കു എന്നെന്നേക്കുമായി നഷ്ടപ്പെടാൻ പോവുന്നു.
അവൻ ഇടറിയ ശബ്ദത്തിലൊന്നു ചുമച്ചു.

" മാഷ് വന്നു അല്ലേ.." 

" അതേലോ.." 

തൻ്റെ ഒരോ വാക്കുകളും സൂക്ഷിച്ചാണ് അവൻ പറഞ്ഞത്. ശബ്ദമൊന്നു ഇടറിയാൽ മതി അവൾക്ക് മനസ്സിലാവും..

" താനിക്കൊരു Happy News ഉണ്ട്.. ഈ 16 തിയ്യതി തന്നെ നമ്മുക്ക് ഓപറേഷൻ ചെയ്യാം.. പണമൊക്കെ ഹോസ്പിറ്റലിൽ അടച്ചിട്ടുണ്ട്. ഇനി മഹതി അവിടം വരെ ഒന്നു പോയാൽ മതി.." 

അവളുടെ മുഖം സന്തോഷത്തിൽ മതിമറന്നിരുന്നു

" എവിടുന്നാ  ഇത്രയും പണം. ഈ കടമൊക്കെ ഞാനെങ്ങനെ വീട്ടാനാണ്.."

" അതൊക്കെയുണ്ട്.. താൻ കൂടുതലൊന്നും പറയണ്ട. 16 ൻ്റെ മൂന്നു ദിവസം മുന്നേ അവിടെ പോയാൽ മതി "

" ആ... അപ്പോ മാഷ് ഉണ്ടാവില്ലേ..?? "

എന്തു പറയണമെന്ന് അറിയാതെ അവനൊന്നു പകച്ചു നിന്നു.  പ്രിയപ്പെട്ടവൾക്ക് ഒന്ന് മുഖം കാണിക്കാൻ പോലും ദൈവം അവസരം തന്നില്ലല്ലോ.. 
അവൻ്റെ മിഴികൾ ചാലിട്ടൊഴുകി..

" താൻ വാടോ.. നമുക്കൽപ്പം നടക്കാം.." 

" എന്താ മാഷേ ശബ്ദത്തിനൊരു ഇടർച്ച ജലദോഷം വല്ലതുമുണ്ടോ..?? മാഷേ.. ഇങ്ങളുണ്ടാവണം അന്ന് എനിക്കു മാഷിൻ്റെ മുഖമാണ് ആദ്യം കാണേണ്ടത്.. മഷേ.. എനിക്കു നിങ്ങളെ.." 

അവൾ പറഞ്ഞു തീരുന്നതിനു മുൻപ് അയാൾ അവളുടെ ചുണ്ടുകളെ കൈ കൊണ്ടു തടഞ്ഞു വെച്ചു..

അയാൾ മൗനമായി നിന്നു..

" മാഷേ.. നിങ്ങളില്ലാണ്ട് ഞാൻ പോവില്ലട്ടോ.." 

അയാൾ നിറഞ്ഞ മിഴികളാൽ അവളുടെ കൈകളിൽ ഒരു ലെറ്റർ കൊടുത്തു

" അഥവ എനിക്കു വരാൻ കഴിഞ്ഞില്ലെങ്കിൽ താൻ ഇതൊന്നു വായിക്കണം..  ഞാൻ വന്നില്ലെങ്കിൽ മാത്രം.." 

" മ്മ്.. എന്ത മാഷേ ജോലിത്തിരക്കു വല്ലതുമാണോ..?? " 

അവനു കണ്ണുകളെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. അവളെ കെട്ടി പുണരണമെന്ന് തോന്നി 

" അയ്യേ... മാഷു കരയേ... എന്താ മാഷേ കൊച്ചു കുട്ടികളെ പോലെ.. എനിക്ക് കാഴ്ച കിട്ടുന്നതിൽ മാഷു സന്തോഷിക്കല്ലേ വേണ്ടത്.. സാരല്യ.. മാഷ് തിരക്കൊകെ കഴിഞ്ഞു വന്നാൽ മതി.." 

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

" മാഷേ.. തിരക്കു കഴിഞ്ഞാൽ വരണം കെട്ടോ.."

വരാമെന്ന ഭാവത്തിൽ അവനൊന്നു മൂളി..

അവൾ സന്തോഷത്തിൽ മതിമറന്നു അവൻ്റെ കൈ മുറുകെ പിടിച്ചുകൊണ്ടവൾ പറഞ്ഞു 

" എനിക്കു മാഷിന്റെ കൈ പിടിച്ചു അന്ന് ഇവിയൊക്കെ കാണണം.. "


" നിളേ... ഈ പ്രേതങ്ങളിൽ തനിക്കു വിശ്വാസമുണ്ടോ..??" 

അതെന്താ ഇപ്പോ അങ്ങനെയൊരു ചോദ്യമെന്നൾ ചിന്തിച്ചു..

" ഉണ്ടു മാഷേ... ആഗ്രഹങ്ങൾ സാധിക്കാതെ മരിച്ചവർ ദുരാത്മാക്കളയി ജയിക്കുമെന്ന് മുത്തശ്ശി പറഞ്ഞിട്ടുണ്ട്..." 

അവൻ പതിയെ ഒന്നു മൂളി അവനോടു തന്നെ പറഞ്ഞു. അങ്ങനെയെങ്കിലും ഒരിക്കൽ കൂടി പിറന്നിരുന്നെങ്കിൽ...

" സമയം കുറേയായി പോയാലോ മാഷേ..." 

" ആ..." 

" ഇനിയെന്ന മാഷേ.." 

" പറിച്ചെറിഞ്ഞ പനിനീർ ചെടി പിന്നെയും തളിർക്കുന്നന്ന്.." 

" അന്നു ഞാൻ മാഷിന്റെ മുഖം നേരിട്ടു കാണും അല്ലേ..." 

" മ്മ് .." 

സമയം സന്ധ്യയായി അയാൾ നിറകണ്ണുകളോടെ അവളെ യാത്രയാക്കി.. ഇനിയൊരു തിരിച്ചു വരവില്ല എന്ന ഭാവത്തിൽ അവൻ വേദനയോടെ നടന്നകന്നു...


       ദിവസങ്ങൾ കടന്നു പോയി നിളയുടെ ഓപറേഷൻ കഴിഞ്ഞു. പല ഞായറാഴ്ചകളിലും അവൾ അയാൾക്കായി കാത്തിരുന്നു... ചിരിക്കുന്ന പല മുഖങ്ങളും കണ്ടപ്പോൾ മാഷു ഇതാവുമോ..?? എന്നവൾ പ്രതീക്ഷയോടെ  നിള പെണ്ണേ... എന്ന വിളിക്കായ് കാതോർത്തിരുന്നു..
അപ്പോഴാണ് അന്നവൻ പറഞ്ഞ കാര്യം അവളോർത്തത്   " ഞാൻ വന്നില്ലെങ്കിൽ താനീ ലെറ്റർ വായിക്കണം.." ഓർമ്മ വന്നയുടനെ അവൾ ഹോസ്റ്റലിലേക്കോടി.. പ്രതീക്ഷയോട് ലെറ്റർ തുറന്നു....

*അവളുടെ മിഴികൾ*

പ്രണയം പൂവണിഞ്ഞു നിൽക്കുന്ന
രക്ത പുഷ്പങ്ങളാൽ തീർത്ത
കുന്നുകളാണോ
അവളുടെ നയനങ്ങൾ...?

ഹൃദയത്തെ തുളയ്ക്കുന്ന
മിഴിയസ്ത്രങ്ങളാൽ
എൻ കരിങ്കല്ലാം  
ഹൃദയം തുളച്ച് അതിൽ നീ
പ്രണയം നിറയ്ക്കല്ലേ പെണ്ണേ...

യാ... അള്ളാ...

അവളുടെ 
പ്രണയം നിറയ്ക്കുന്നൊരാ
മിഴികൾ കൂടി
നിനക്ക് ഔറത്താക്കാമായിരുന്നില്ലേ..?

വെറി മൂത്ത് കുലം ചുട്ട
അസുരരാണോ 
അവളുടെ നയനാസ്ത്രങ്ങളാൽ
ഹൃദയം തകർന്ന് 
പനിനീർ ചെടിയായ് മുളച്ചത്..?

യാ.... അള്ളാ...

മാലാഖമാർ പോലും
അവളെ പ്രണയിച്ചു
പോവുമെന്നോർത്താണോ 
നീയവളെ ദേവലോകത്ത് നിന്നും
പടിയിറക്കി വിട്ടത്..?

പ്രിയേ...

കൂട് തകർന്ന വേഴാമ്പലായ്
എൻ പാദമുദ്രകൾ
ആ പ്രണയം പൂവിടുന്ന 
മിഴിയോരത്ത് 
മറവിക്ക് പോലും മരണം വരും
നാൾ വരെ കൂട് കെട്ടട്ടെ..!

മരണമേ...
സമ്മിലൂനീ...!
സമ്മിലൂനീ...!
പുതപ്പിക്കൂ എന്നെ...
ഈ പ്രണയ കിരണങ്ങളേറ്റ്
ഞാൻ തകർന്നു പോവും....
          
    *അകൽമഷ*


അകൽമഷ എന്ന പോര് കൂടി വായിച്ചപ്പോൾ അവളാ കടലാസു നെഞ്ചോടു ചേർത്തി പിടിച്ചു തേങ്ങി കരയാൻ തുടങ്ങി..

അവനെയുമോർത്ത് വർഷങ്ങൾ കടന്നിരിക്കുന്നു.
നീല പുഷ്പം പോലെ വിടർന്നു നിന്ന അവളുടെ  മുഖം കരിഞ്ഞുണങ്ങിയ പനിനീർ പൂവു പോലെ ചുളിഞ്ഞിരുന്നു.  കയ്യിലൊരു കാലൻകുടയും പിടിച്ചു നരവീണ കൺപീലികളും ചുളിഞ്ഞ പാദങ്ങളുമായി ശ്മശാനത്തിനരികിലൂടെ  നടന്നകലുന്ന ആ വൃദ്ധയുടെ കാലിൽ മൈലാഞ്ചി ചെടി കോറി വലിച്ചു. പ്രിയപ്പെട്ടവൻ സമ്മാനിച്ച ആ വെള്ളി കൊലുസ് മൈലാഞ്ചി ചെടി നിലകൊണ്ടിരുന്ന മീസാൻ കല്ലിലേക്ക് തെറിച്ചുവീണു. ദ്രവിച്ചുണങ്ങിയ ആ മീസാൻ കല്ലിലെ അകൽമഷ എന്ന നാമം പോലും കാലചക്രം മായ്ച്ചു കളഞ്ഞിട്ടുണ്ട്. കൺമുന്നിലൂടെ നടന്നകലുന്ന അവളെ നോക്കി ഒരു പക്ഷേ പ്രതീക്ഷയിൽ അവൻ പറയുന്നുണ്ടാവും...

മൈലാഞ്ചി ചെടികളേ...
വിഷാദത്തിൽ തിരികെ നടക്കുന്ന
അവളുടെ ദാവണിയിൽ നിങ്ങളൊന്ന്
കോറിവലിക്കുമോ..??

മണൽത്തരികളേ...
വിരഹ വേദനയിൽ 
തലകുനിച്ചകലുന്ന 
അവളുടെ മിഴികൾക്കു മുന്നിൽ
എന്നെയൊന്ന് തുറന്നു കാണിക്കാമോ..??

മൈലാഞ്ചി ഇലകളേ...
എൻ്റെ ചുടു ചോരയാണ് 
നിങ്ങളെ ചുവപ്പിച്ചതെന്ന് 
അവളോട് തുറന്നു പറയാമോ..??

കാലമേ...
നീയൊന്ന് കല്ലറയിൽ നിന്നെന്നെ
അവളുടെ മിഴിനീർ തുള്ളികളായ്
പുനർജനിപ്പിക്കുമോ..

പ്രണയമേ..

എൻ്റെ ഓർമ്മകൾ അവളിൾ
തളിർക്കുമ്പോൾ 
അവളുടെ കവിൾ തടങ്ങളെ തഴുകി
അവളുടെ മിഴിയിൽ ജനിച്ചു
അവളുടെ കവിളിൽ ജീവിച്ചു
മിഴിനീർ തുള്ളിയായ്
അവളുടെ പാദങ്ങളിൽ 
അസ്തമിക്കാലോ..!!


ഇന്നു ഞായറാഴ്ചയാണ്  കണ്ടോ പാർക്കിലേക്ക് ആ മുത്തശ്ശി വന്നിരിക്കുന്നു.. വാഴിയോരക്കാർക്ക് ഇതൊരു സ്ഥിരം കാഴ്ചയാണ്.. ഞായറാഴ്ചകളിൽ മാത്രം പാർക്കിലേക്ക് വന്നു ആരെയോ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുത്തശ്ശി..

പ്രതീക്ഷയോടെ ആ വൃദ്ധ അവരോട് തന്നെ പറഞ്ഞു..
       
" മഴ പുഴയായ്
വീണ്ടുമൊഴുകുന്നു...
വാടിക്കരിഞ്ഞ ഗുൽമോഹറും
ആ കാട്ടുചെമ്പകപ്പൂവും   
പിന്നെയും വിരിയുന്നു...
പറിച്ചെറിഞ്ഞൊരാ പനിനീർച്ചെടി
വീണ്ടുമെന്തിനോ തളിർക്കുന്നു...
വിടപറഞ്ഞകന്ന കാലടികൾ
പിന്നെയും കാതിൽ മുഴങ്ങുന്നു...
മിഴിനീരു ചിതറിയ
ആൽത്തറയിന്നും
വിജനമാമിടവഴിയിൽ 
വീണ്ടുമാരെയോ തിരയുന്നു...
നരവീണിടും കൺപീലികൾ
പിന്നെയും അവനെൻ പാതിയെന്ന് മൊഴിയുന്നു...



               *അകൽമഷ*

                       


മുത്തുകൾ നാം..





പ്രിയപ്പെട്ടവളേ,...

നീല സമുദ്രത്തിനുള്ളിൽ 
ജഡക്കുത്തിയുലഞ്ഞാടുന്ന
പവിഴപ്പൊറ്റുകൾക്കിടയിൽ 
കാലം ഭദ്രമായി മറച്ചുവെച്ച
ഇരു മുത്തുകളാണു നാം...

നമുക്ക് ചുറ്റം
ആർത്തിരമ്പി ഒഴുകുന്ന
ഉപ്പിലലിഞ്ഞ ജല പ്രവാഹമുണ്ട്.
അവയേ ചവർപ്പില്ലാത്ത മട്ടം
ഭക്ഷിക്കുന്ന മത്സ്യ കുഞ്ഞുങ്ങളുണ്ട്.
അവയിൽ നിന്നെല്ലാം വ്യത്യസ്ഥരായി
നമ്മെ മാറ്റി നിർത്തിയതാരാവും,..

ഉരിയാടാൻ അധരങ്ങളില്ല,
അന്യോന്യം നോക്കിനിൽക്കാൻ 
നയനങ്ങളില്ല,.
എന്നിട്ടും ഇത്രയും
വർണ്ണ മനോഹരമായി
നമുക്കിടയിൽ പ്രണയം പടർത്തിയത് 
നമ്മുടെ സാമ്യതകൾ തന്നെയാണ്,..
അതെ സാമ്യതകൾ തന്നെയാണ്..

കാലം മറനീക്കും വരെ
പരസ്പരം ഉരിയാടാതെ 
ഒന്നും പങ്കുവെക്കാതെ 
നിന്നെ എനിക്കും,
നിനക്കു ഞാനും 
പ്രിയപ്പെട്ടതാണെന്ന ധാരണയിൽ 
നമുക്കാ ഉപ്പുജല കവജത്തിനുള്ളിൽ
പവിഴപ്പുറ്റുകളാൽ തീർത്ത 
കുടിലിനുള്ളിൽ
അലിയും വരെ ചേർന്നിരിക്കാം..

     #അകൽമഷ

വേനൽ




ചിറകടിച്ചകന്ന ശലഭങ്ങളേ,
നിങ്ങളിതു വഴി വരൂ,..
പൂത്തുലഞ്ഞൊരെൻ 
പൂക്കൾക്ക് കൂട്ടിരിക്കൂ,..

വഴി മറന്നകന്ന 
വസന്ത കാലമേ,
നിങ്ങളിതുവഴി വരൂ,..
ഇലകൾ പൊഴിയും വരെ
എൻ തളിരിലകൾക്ക് തണലൊരുക്കൂ 

വിരഹ വേനലേ,
നീയും ഒരിക്കൽ കൂടി
ഇതുവഴി വരൂ,..
കാലം തെറ്റി 
തലകീഴായി പൂത്തെന്നെ 
ഭ്രാന്തെന്നു ചൊന്ന്
മാറ്റി നിർത്തും മുൻപേ,
എൻ ചടുല വേരുകളെ 
കരിച്ചുണക്കൂ...🌺🖤

ചില ഓർമ്മകൾ





ചിലയോർമ്മകൾക്കെല്ലാം
വിരഹ പട്ടടയിൽ ചാരമായ 
പ്രണയ പുഷ്പ്പങ്ങൾ തൻ ഗന്ധമാണ്..
അവയിൽ പലതും
ഉള്ളിലെവിടെയോ
കോടമഞ്ഞുയർത്തിയ
ശീതകാലത്തിൻ ശേഷിപ്പുകളാണ്,..
അന്നു പുഞ്ചിരിച്ച പ്രിയപ്പെട്ട
പല മുഖങ്ങൾ,
മിഴി തുറപ്പിച്ച മൊഴിയസ്ത്രങ്ങൾ,
കൂടെ നടന്ന പ്രിയപ്പെട്ടവരുടെ 
കാലൊച്ചകൾ,
കളി പറഞ്ഞവർ,
കരളും തുരന്നു പോയവർ.
അന്നസ്വദിച്ചവയ്ക്കും 
തള്ളി പറഞ്ഞു പോയവർക്കും,
എല്ലാത്തിനുമിന്ന് ഒരു മുഖമാണ്..
ഇന്നലെകളിലേക്ക് തിരിഞ്ഞു 
നോക്കുമ്പോൾ
മിഴികൾക്ക് മീതെ കെട്ടിനിന്ന്
കവിൾ തടങ്ങളിലൂടെ
ചാലിട്ടൊഴുകുന്ന 
കരിമേഘത്തിൻ നിറവും,
പൊടി മണ്ണിൻ ഗന്ധവുമാണ്...

     അകൽമഷ

ഇനിയും




ഇനിയും പൂക്കാത്ത
ഇലിഞ്ഞി മരമേ,..
നിൻ്റെ തളിരിലകളെ 
ഏത് വേനലാണ് 
ഇത്രയും വെറിയോടെ
കാർന്നു തിന്നത്..
ഈ വസന്തകാലത്തിൽ 
ചിതൽ കൂനകളിൽ പോലും
വസന്തം ഭ്രാന്തമായി തളിക്കുമ്പോൾ
ആർക്കു വേണ്ടിയാണ് 
നീയിന്നും മൗനം വരിക്കുന്നത്..
അവസാനത്തെ ഋതുക്കളും
പടിയിറങ്ങാനായി..
ഇനി ഒരിക്കൽ കൂടി 
കാലം തെറ്റിയെങ്കിലും 
നീയൊന്നു തളിർത്തിരുന്നെങ്കിൽ..

     അകൽമഷ

🖤🌺




ഒരുനാൾ ഒരിക്കൽ കൂടി
നീ ഇതുവഴി വരും.
അന്നു വരണ്ടുണങ്ങിയ
ഈ ചില്ലകൾ
ഞാവൽ പഴങ്ങളാൽ നിറയും.
ഇന്നു നീ പടിയിറങ്ങുമ്പോൾ 
ഞെരിച്ചമർത്തിയ വഴിയോരങ്ങളിലെ
മണൽത്തരികളെ അന്നു നീ 
ആശ്ചര്യപൂർവ്വം നോക്കും,
ആ വഴിയോരങ്ങളിലെല്ലാം
വസന്തം ഭ്രാന്തമായി പടർന്നു കയറും.
നിൻ്റെ ദൃഷ്ടികൾ
മൂടും വിധം  അവിടം കോടമഞ്ഞുയരും..
ആ ശീതകാലവും നീയും
മഞ്ഞു കണങ്ങൾക്കിടയിൽ
എന്നെ തിരയും..
നിൻ്റെ കാൽ പാദങ്ങളെ ചുംബിച്ചു
മണൽ തരികൾക്ക് കീഴിൽ
ഞാനാ വഴിയോരങ്ങളിൽ 
വീണ്ടും പൂക്കളായി പുനർജനിക്കും...

        അകൽമഷ

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...