മൗനം




മൗനം 

നീണ്ട മൗനത്തിനുള്ളിൽ 
നാം മറച്ച പ്രണയം
ഈ സന്ധ്യയിൽ മൊഴികളെ
തിരയുന്നു..

മിഴികളിൽ നിന്ന് മിഴികളിലേക്ക്
നാം നെയ്ത് പ്രണയ ശരണങ്ങൾ
മൊഴികളായ് പിറവിയെടുക്കാൻ
ഇന്നീ രാവിൽ 
വിതുമ്പുന്നു..

നീ മൊഴിയുന്നത് കാത്തു ഞാനും
ഞാൻ മൊഴിയുന്നതിനായ് 
കാതോർത്തു നീയും
മിഴികൾ കോർത്തങ്ങനെ 
പിണയുന്നു..

നേർത്ത സന്ധ്യയെ
ഇരുളലകൾ പുണരുന്നു.
ഇരുളിനാഴങ്ങളിൽ
നാം അന്യരായി 
തിരികെ അകലുന്നു..
തുടിച്ച അധരങ്ങളിൽ 
പിന്നെയും മൗനം
ബാക്കിയാകുന്നു,..

    അകൽമഷ

ഇരു ഇലകൾ





ഇരു ഇലകൾ

ഇരുളിനെന്തൊരു മനോഹാരിതയാണ്. രാത്രിയുടെ യാമങ്ങളെ പോലും കിനാക്കളിൽ മുഴുകുവാൻ പ്രാപ്തരാക്കുന്നത് ഇരുളിനാഴങ്ങൾ തന്നെയാണ്. ഒന്നു സൂക്ഷ്മമായി ചിന്തിച്ചു നോക്കിയാൽ രാവും പകലും മാറിമറിഞ്ഞു വരുന്ന വേനൽ കാലവും  ശീതകാലവും പോലെയാണ്. തൊട്ടടുത്തുണ്ടായിട്ടും ചേർന്നിരിക്കാൻ കഴിയാതെ അന്യരായി പിറന്ന ഇരു ദിക്കുകൾ.
പകൽ അസ്തമയത്തിലേക്ക് ചുവടു വെക്കുന്നത് മുതൽ ഒരു വിഭാഗം ജീവജാലങ്ങൾ നിദ്രയിൽ നിന്നുണർന്നുവരികയും മറ്റുചില ജീവജാലങ്ങൾ ഇരുളിനാഴങ്ങളെ പുണർന്നു നിദ്രയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നു.

" അല്ല മാഷേ, ഒരു സംശയം.." 

" മ്മ്.. പറ "

" ഈ ചിവീടുകളും ചിത്രശലഭങ്ങളും തമ്മിൽ എന്നെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടാവുമോ..? " 

" ശരിയാണല്ലോ ഇനി അവർ നേരിട്ട് കണ്ടിട്ടുണ്ടാവുമോ..? 
ഒരേ ചില്ലകൾക്കു കീഴിൽ വസിക്കുന്ന ഇരു ജീവികൾ. എന്നിട്ടും അവർക്കിടയിൽ ആരാണ് അദൃശ്യമായ ഈ മറ പാകിയത്..!! " 

ആരൻ പതിയെ  മിഴികൾ തുടച്ചു മന്ദഹാസിച്ചു കൊണ്ട് പ്രിയപ്പെട്ടവളുടെ നിനവുകൾക്ക് അവിടം വിരാമം കുറിച്ചു. നനഞ്ഞു കുതിർന്നു ഇരുളിനുള്ളിൽ കൊടും ഇരുൾ പാകിക്കൊണ്ട് പടർന്നു പന്തലിച്ചു കിടക്കുന്ന ഒറ്റ മന്ദാരത്തിലെ നനഞ്ഞൊട്ടിയ ഇലകളെ മിഴികളടയും വരെ തുറിച്ചു നോക്കിക്കൊണ്ട് ആരൻ നിദ്രയിലേക്ക് പതിയെ വഴുതി വീണു.

        പ്രഭാതകിരണം പടർന്നതിൽ പിന്നെ ചേർന്നൊട്ടിയ ഇലകളെല്ലാം ഇരുദിക്കിലേക്ക് അകന്നുനിന്നു. അതല്ലെങ്കിലും അങ്ങനെ തന്നെയാണ്  പ്രകാശമാണ് എല്ലാവരെയും വ്യത്യസ്തരാക്കുന്നതും, അകറ്റി നിർത്തുന്നതും.
ആരൻ തൻ്റെ ഒറ്റക്കയ്യൻ ബാഗും നീളാൻ ജുബ്ബയും ധരിച്ച് ഒരു യാത്രയ്ക്കെന്ന മട്ടിൽ പുറത്തേക്കിറങ്ങി.
നൈല സമ്മാനിച്ചതാണ് ആ ബാഗ്. നീണ്ട അഞ്ചുവർഷ കാലം മുതൽ ആരൻ്റെ സന്നദ്ധ സഞ്ചാരി. പ്രിയപ്പെട്ടവളുടെ ഓർമ്മകൾ കണക്കെ അതുമിന്ന് കോട്ടം സംഭവിക്കാതെ ഉദിച്ചു തന്നെ നിൽപ്പുണ്ട്.
വാകപ്പൂക്കൾ പൊഴിഞ്ഞു മണ്ണിനു മീതെ ചുവന്ന പരവതാനി വിരിച്ച വീഥിയിൽ ഏകയായി നിൽക്കുന്ന ആത്മികയെ ലക്ഷ്യമാക്കി ആരാൻ നടന്നു. ആത്മിക പ്രിയപ്പെട്ടവൾക്കെന്നും പ്രിയപ്പെട്ടവൾ. തൻ്റെ പ്രണയിനിയുടെ  ആത്മമിത്രം.
ബന്ധങ്ങളെന്നും പകർച്ചപ്പനി പോലെയാണ്. ഒരാളിൽ നിന്നും തന്നോടടുത്തവർക്ക് അതു പകർന്നു കൊണ്ടേയിരിക്കും. നൈല സമ്മാനിച്ച ഒരുപാട് മൂല്യമുള്ള സൗഹൃദമായിരുന്നു ആത്മിക. അല്ല അവൾ സമ്മാനിച്ചതെല്ലം എന്നും ഒരുപാട് മൂല്യമുള്ളവതന്നെയായിരുന്നു.
മൗനം വരിച്ചു നിൽക്കുന്ന ആരനെ നോക്കി ആത്മിക ചോദിച്ചു.

" എന്താ തീരുമാനം. നാളെ കല്യാണത്തിന് പോവുന്നുണ്ടോ..? " 

ആത്മിക തുടർന്നു.

" പോവാതിരിക്കുന്നതല്ലെ നല്ലത്..? "

നീരു കെട്ടിയ കൺപോളകൾ പതിയെ ചിമ്മി  തുറന്നുകൊണ്ട് ആരൻ പറഞ്ഞു.

" ഏയ്,, പോവണം. ദൂരെനിന്നെങ്കിലും ഒരു നോക്ക് അവളെ കാണണം.
പറിച്ചു നട്ടത് വേരു പടർന്നു തളിർത്തെന്ന് ഉറപ്പുവരുത്തണം.." 

അനിയന്ത്രിതമായി ആരൻ്റെ മിഴികൾ നിറഞ്ഞു തുളുമ്പി കൊണ്ടേ നിന്നു.

" സാന്ത്വനിപ്പിക്കാൻ വാക്കുകളൊന്നും തികയില്ല ഡോ,.." 

ആത്മിക തുടർന്നു.

" ബ്ലീഡിംഗ് എങ്ങനെയുണ്ട്..? " 

" കുഴപ്പമില്ല. കൂടിപ്പോയാൽ രണ്ടു മാസം, അതിനുള്ളിൽ എല്ലാം നിലയ്ക്കും.
പിന്നീട് ഈ ചേരാത്ത വേഷവും കെട്ടിയാടണ്ടല്ലോ.." 

അതും പറഞ്ഞു ആരൻ ഉറക്കെ ചിരിച്ചു.

ആരൻ്റെ മറുപടിക്ക് മുന്നിൽ ആത്മിക അല്പസമയം മൗനം പാലിച്ചു. ശേഷം അവൾ പറഞ്ഞു.

" നീ ഓർക്കുന്നുണ്ടോ..? 
ആദ്യമായി നൈല നിന്നെ എനിക്ക് പരിചയപ്പെടുത്തി തന്ന ദിവസം.  ശരിക്കും പ്രണയത്തിൻ്റെ ഭംഗി പുറത്തു നിന്ന് കാണുന്നവർക്ക് ഗ്രഹിക്കാൻ കഴിയില്ലെന്നു പറയുന്നത് വെറുതെയാണ്. നിങ്ങളുടെ പ്രണയം ഞാനും ആസ്വദിച്ചിരുന്നു.
ഈ പൊഴിഞ്ഞുവീണ വാകപ്പൂക്കൾ പോലും നിങ്ങളുടെ പ്രണയത്തിനു മുന്നിൽ ഒന്നുമല്ലായിരുന്നു.
ശരിയാണ് ഭംഗിയുള്ളതെല്ലാം കാലം പെട്ടെന്ന് നശിപ്പിച്ചു കളയും.." 

ആത്മിക തുടർന്നു.

" നീ പറഞ്ഞ മരുന്നു മൊത്തം വാങ്ങിയിട്ടുണ്ട്. ക്ഷീണം കാണും. ഇതും കഴിച്ച് അൽപം വീട്ടിൽ ചെന്നു കിടക്ക്... "

ആത്മികയുടെ നിർദ്ദേശപ്രകാരം ആരൻ പതിയെ വീട്ടിലേക്ക് നടന്നു തുടങ്ങി.

ഈ വഴിയോരങ്ങൾക്ക് കുറെ ഇന്നലെകളുടെ കഥ പറയാനുണ്ട്.
പ്രിയപ്പെട്ടവളെ ആദ്യമായി സംഗമിച്ചതും,
പ്രണയത്തിലേക്ക് വഴുതി വീണതും, ഹൃദയങ്ങൾ കൈമാറിയതും,
ഒടുക്കം പ്രണയത്തിൻ്റെ ആരാമത്തിൽ വിരഹം ഭ്രാന്തമായി തളിർത്തതും, അല്ല പ്രണയത്തെ ജീവനോടെ ഉടലരിഞ്ഞു താൻ മണ്ണിൽ താഴ്ത്തിയതും,
പ്രിയപ്പെട്ടവളുടെ മിഴികൾ  വാർന്നൊലിച്ചതും.
അങ്ങനെ അനവധി കഥകൾ.
ഒരുപാട് എതിർപ്പുകൾ നിറഞ്ഞ പ്രണയമായിരുന്നു. തീഷ്ണ പ്രണയത്തിനു മുൻപിൽ അവയെല്ലാം പതിയെ മാറി ഒഴുകിക്കൊണ്ടിരുന്നു. പ്രണയത്തിൻ്റെ ശീതകാലം പുറമേ കോടമഞ്ഞുയർത്തുമ്പോഴും,
അവനറിയാതെ അവന്റെ ഹൃദയ ധമനികളെ പോലും അർബുദം കാർന്നു തിന്നു കൊണ്ടിരുന്നു. ആരൻ തൻ്റെ രോഗാവസ്ഥ മനസ്സിലാക്കുമ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും കൈവിടാതെ തന്നെ ചേർത്തുവച്ച നൈല തൻ്റെ കൂടെ തന്നെ ഉണ്ടാകുമെന്നുള്ള കാര്യം ആരന് ഉറപ്പായിരുന്നു. നൈലയുടെ മുന്നോട്ടുള്ള ജീവിതം കണക്കിലെടുത്ത് ആരൻ ആത്മീകയുടെ നിർദ്ദേശപ്രകാരം തൻ്റെ രോഗാവസ്ഥ നൈലയിൽ നിന്നും ഭദ്രമായി മറച്ചുവെച്ചു.
വേദനയോടണങ്കിലും ആരൻ നൈലയെ പതിയെ തന്നിൽ നിന്നും അകറ്റിത്തുടങ്ങി. അതായിരുന്നു നൈലയുടെ ഇനിയുള്ള നാളുകളൾക്ക് ഉചിതമെന്ന് അവന് വ്യക്തമായി അറിയാമായിരുന്നു. ആരൻ്റെ തുടരെ തുടരെയുള്ള അവഗണന കാരണം കാലം നൈലയുടെയുള്ളിൽ ഒരു ഗർത്തം രൂപപ്പെടുത്തി. ആ ഗർത്തത്തിനുള്ളിൽ പതിയെ പതിയെ ആരനോടുള്ള വിദ്വേഷവും പകയും കൊണ്ട് നിറഞ്ഞു. അതോടെ അവളും നീണ്ട അഞ്ചുവർഷക്കാലത്തെ പ്രണയത്തിന് അവിടെ വിരാമം കുറിച്ചു. അവളുടെ ഹൃദയം അവനില്ലാതെയും പതിയെ ഇടിച്ചു തുടങ്ങി. മറവിയുടെ മൊട്ടുകൾ അവളിൽ ശേഷിച്ചിരുന്ന ഓർമ്മകളിലെ  ആരൻ്റെ മുഖച്ചിത്രത്തിൽ പോലും പടർന്നു കയറി. 
കാലത്തിന്റെ കുത്തൊഴുക്കിൽ മാസങ്ങൾ കടന്നുപോയി. അവനില്ലാതെയും ഋതുക്കൾ തുടരെത്തുടരെ ഭ്രാന്തമായി പൂത്തു. 
ഒടുവിൽ പ്രിയപ്പെട്ടവരുടെ നിർദ്ദേശപ്രകാരം നൈല പുതിയൊരു ജീവിതത്തിലേക്ക് ചുവടു വെക്കാനൊരുങ്ങി.

         വിവാഹ തലേന്നുള്ള തിരക്കുകളിലായിരുന്നു നൈല. തുടരെത്തുടരെയുള്ള ആത്മികയുടെ മിസ്സ് കാൾ കണ്ടപ്പോൾ നൈലയിൽ ചെറിയതോതിൽ ഒരു ആശങ്ക രൂപപ്പെട്ടു. 
നൈല സ്വയം തന്നോടു തന്നെ പറഞ്ഞു

" നാളെ വരാമെന്നു പറഞ്ഞതാണല്ലോ..? ഇതെന്താ പെട്ടെന്നൊരു വിളി. ഇനി വല്ല ഒഴിവുകഴിവു പറയാൻ വല്ലതുമാണോ.."

നൈല ആത്മികയെ തിരികെ വിളിച്ചു.

പതിവിലും വിപരീതമായി അവൾ പെട്ടെന്നു തന്നെ കാൾ എടുത്തു . ഇടറിയ ശബ്ദത്തോടെ പറഞ്ഞു.

" ഡീ,...
നമ്മുടെ ആരാൻ..." 
" അവനു എല്ലാവരേയും വിട്ടു പോയീ.. "

ഒരു തേങ്ങലോടെ ആത്മികയുടെ കാൾ അവിടെ നിലച്ചു. ആരൻ എന്ന നാമം നൈലയുടെ ഉള്ളിൽ ഒരശിരീരി പോലെ മുഴങ്ങിക്കൊണ്ടിരുന്നു. കാലം കടുത്ത ഓർമ്മകളുടെ ഏടുകൾ അവൾക്കു മുന്നിലിന്നു തുറന്നു വച്ചിരിക്കുന്നു. അതിൽ ആരനെന്ന തിരുനാളം വീടും ജ്വലിച്ചു കൊണ്ടിരിക്കുന്നു.
ആരൻ എന്നെന്നേക്കുമായി പടിയിറങ്ങി എന്നറിഞ്ഞപ്പോൾ അവളുടെ മിഴികൾ അനിയന്ത്രിതമായി ചാലിട്ടൊഴുകാൻ തുടങ്ങി. ആ മിഴി നീരിൽ അവൻ്റെ നിനവുകൾ ഓരോന്നായി അവളിൽ തുടരെത്തുടരെ പിറവിയെടുക്കാൻ തുടങ്ങി.

തളം കെട്ടിയ മിഴികളാൽ നൈല പെട്ടെന്നു വണ്ടിയെടുത്ത് ആരൻ്റെ വീട് ലക്ഷ്യമാക്കി യാത്ര തുടങ്ങി. യാത്രക്കിടയിൽ നൈല ഒരിക്കൽ കൂടി അന്നു തങ്ങൾ സംഗമിച്ചിരുന്ന ആൽത്തറെയേയും, ചെമ്പകത്തോട്ടത്തെയും വിഷാദ ഭാവത്താൽ തുറിച്ചുനോക്കി. പ്രിയപ്പെട്ടവനില്ലാതെ അവൾ ആദ്യമായി അവയ്ക്കിടയിലൂടെ കടന്നുപോയി.

അരൻമരിക്കാനോ..?
അതെങ്ങനെ..? 
കേട്ടതെല്ലാം ദുസ്വപ്നമാവണമെന്നവൾ അതിയായി ആഗ്രഹിച്ചു.
നൈല ആരൻ്റെ വീട്ടിനരികിലെത്തി.
വാതിൽ പാളികളില്ലാത്ത ചുമരുകൾക്കുള്ളിലൂടെ  അവൾ ഉള്ളിലേക്ക് പ്രവേശിച്ചു. ആരൻ്റെ നിനവുകൾ ഓരോന്നായി അവൾക്കുള്ളിൽ പുനർജനിച്ചു.

" മാഷേ,.. ഇതെന്താ ഇങ്ങനെ.." 

" എങ്ങനെ "

" പതിവില്ലാതെ കട്ടള മാത്രം വച്ചു  ഡോറില്ലതെ ആരെങ്കിലും വീടുണ്ടക്കുമോ..? "

" അതെന്താ ഉണ്ടാക്കാലോ.."

" .വട്ടാണല്ലേ.."

" സ്വാഗതം എന്ന് ബോർഡും വച്ച്. കതകടച്ചിരിക്കുന്നവർക്കല്ലേ ശരിക്കും വട്ട്.." 

നൈല നിനവുകളിൽ നിന്ന് പതിയെ ഇറങ്ങി വന്നു. അവിടെ പൊടി പിടിച്ചു കിടന്നിരുന്ന ഒരോ വസ്തുക്കളും അവളോട് ഇന്നലെകൾ ഓരോന്നായി പറഞ്ഞുകൊണ്ടേയിരുന്നു.

" മാഷേ, വലിയ നിലയിലെത്തിയാൽ എന്നെയും വിട്ടേച്ച് പോവോ..? "

" നല്ല കഥ,.. എനിക്കിണങ്ങാനും പിണങ്ങാനും നീയല്ലേ ഉള്ളൂ, നിന്നിൽ നിന്നൊരു അടർന്നുപോക്ക് അസാധ്യമാണ്.
നീയല്ലേ പറയാറ് ചേർന്നൊട്ടിയ ഇരു ഇലകളാണ് നമ്മളെന്നു.." 

നൈല ഓരോന്നയി ഓർത്തെടുത്തു തേങ്ങി കരയാൻ തുടങ്ങി.
ആത്മിക മിഴികൾ തുടച്ചുകൊണ്ട് നൈലയെ സാന്ത്വനിപ്പിക്കാൻ അരികിലേക്കെത്തി.

" ബോഡി കുളിപ്പിക്കാൻ വെച്ചിരിക്കുകയാണ്.." 

ആത്മിക തുടർന്നു.

" ഇനി നിന്നോട് ഞാനതു പറഞ്ഞില്ലെങ്കിൽ നിന്നോടും അവൻ്റെ ആത്മാവിനോടും കാണിക്കുന്നു ഏറ്റവും വലിയ നീതികേടാവുമത്.." 

ആത്മിക ആരൻ്റെ രോഗ വിവരം നൈലയെ ബോധിപ്പിച്ചു. 

" എൻ്റെ നിർദ്ദേശപ്രകാരമാണ് അവനെല്ലാം നിന്നിൽ നിന്നും മറച്ചത്. "

അതും പറഞ്ഞു ആത്മിക നൈലയുടെ കൈകളിലേക്ക് ആരൻ്റെ ഡയറി കൊടുത്തു. 
നിറഞ്ഞ മിഴികളാൽ നൈല അതിലെ ഓരോ താളും മറിച്ചു തുടങ്ങി.

" ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കവിത 
അതു നീ തന്നെയായിരുന്നു..
പ്രണയകാലത്തിന്റെ ഒരിക്കലും തണ്ടോടിയാത്ത ഇലകളെ പോലെയായിരുന്നു നിൻ്റെ നായകങ്ങൾ..
ദൃഷ്ടികൾ പതിഞ്ഞിടത്ത് വർണ്ണപുസ്തകങ്ങൾ തളിർക്കുമായിരുന്നു..
ഉള്ളിൽ അലയടിച്ചിരുന്ന പ്രണയത്തെ സാക്ഷിയാക്കി 
എന്നെ എത്ര ഭദ്രമായിട്ടാണ് 
നീ  കാലത്തിനു മുന്നിൽ മറച്ചുവെച്ചത്,
മൊട്ടിട്ടു വിടർന്നു പന്തലിക്കാൻ കഴിയാതെ പൊഴിഞ്ഞു വീണ മൊട്ടുകളെ പോലെ,
കാലം വേനലണയും മുൻപ്
നീയെന്ന വസന്തകാലത്തെയും പറിച്ചു 
ഇരുളിലേക്ക് മറഞ്ഞത്..
നിന്നോർമ്മകളെന്നിൽ ഭ്രാന്തമായി തളിർക്കുമ്പോൾ 
ഞാനിന്നും കവിതകളായി 
ഭ്രാന്തമായി പൂത്തുലഞ്ഞടുമ്പോൾ,
നിലച്ചു പോവാറുണ്ട്.
എന്തു പറയാനായിരുന്നു
അസ്തമിക്കാൻ മടിച്ച സൂര്യകിരണങ്ങൾ സാക്ഷിയായി,
വാകപ്പുകൾ മറ പിടിച്ച ആ ഇരുൾ വീഥിയിൽ
പരിമണം പകർത്തിയ 
ആ ചെമ്പകപ്പൂ ചുവട്ടിലേക്ക്
നീയെന്നെ മാടി വിളിച്ചതെന്ന്..
പ്രിയപ്പെട്ടവളെ,..
ഞാനറിഞ്ഞതിൽ വച്ച്
ഏറ്റവും മനോഹരമായ 
പ്രണയ കവിത 
അതു നീ തന്നെയായിരുന്നു..
ഇന്നും താളകൾ കഴിയുന്തോറും 
എൻ്റെ രോമ നാരുകളിൽ പോലും 
വസന്തംപടർത്തിയ
പൂർത്തീകരിക്കാൻ കഴിയാതെ 
പാതിവഴിയിൽ കാലം മായ്ച്ചു കളഞ്ഞ
പ്രണയ കവിത നീ തന്നെയായിരുന്നു....'"

താളുകളിൽ നോക്കി തേങ്ങി കരയുന്ന നൈലയെ  ആത്മിക തട്ടിയുണർത്തി.

"  നൈല,.. നൈല,..
ബോഡി കൊണ്ടു വന്നിട്ടുണ്ട്.."

പാതിയടർന്ന ഹൃദയവുമായി അവൾ പതിയെ ആരൻ്റെ അടുത്തേക്ക് നടന്നു നീങ്ങി.
തൻ്റെ പ്രിയതമന്റെ തണുത്തുറഞ്ഞു മരവിച്ച ശരീരം കണ്ടു  തണ്ടൊടിഞ്ഞ ഇലകണക്കേ അവൾ ഒരു മനോരോഗിയെ പോലെ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് ബോധരഹിതയായി വീണു,.!!

" മാഷേ,.." 

" എന്താ പെണ്ണേ,.." 

" മഴയിൽ കുതിർന്നു നനഞ്ഞൊട്ടിയ ഇരു ഇലകളാണ്  നമ്മൾ.." 

" അതെന്താ നനഞ്ഞൊട്ടിയ ഇരു ഇലകൾ..? "

" അവരു പൊഴിയും വരെ ചേർന്നൊട്ടിയാണ് ഇരിക്കാറ്.." 

" അപ്പോൾ പൊഴിയുമ്പോഴോ..?? " 

അധരങ്ങളൾക്കു ചാരെ പിറവിയെടുത്ത നുണക്കുഴിയും കാട്ടി അവൾ പതിയെ മന്ദഹാസിച്ചു...

       അകൽമഷ

പരീക്കുട്ടി




പരീക്കുട്ടി 

രാത്രിയുടെ ഇരുളാഴങ്ങളെ കീറിമുറിച്ചുകൊണ്ട് പതിവുപോലെ ചിലമ്പിച്ച റേഡിയോ കണക്കെ പരീക്കുട്ടി പിന്നെയും ചുമച്ചു. പൊഴിഞ്ഞുവീഴുന്ന കരിയിലകൾക്കും, രാത്രിയുടെ മറവിൽ കുറ്റിച്ചെടികൾക്കിടയിൽ നിശാഗീതം ആലപിക്കുന്ന ചിവീടുകൾക്കും
മകൻ അബുവിനും പരീക്കുട്ടിയുടെ ചുമ ഒരു അപശ്രുതി തന്നെയായിരുന്നു. എന്തോ എന്നും കൂട്ടിരിക്കുന്നത് കൊണ്ടാവാം വള്ളിച്ചെരുപ്പിനും നിശാമുല്ലയ്ക്കും, ഭാര്യ ഖദീജമ്മയ്ക്കും അതൊരു പ്രതീക്ഷയുടെ ഉദയം തന്നെയായിരുന്നു.
പരീക്കുട്ടി ചുമച്ചില്ലെങ്കിൽ നിശാമുല്ല പൂക്കുകയില്ലത്രേ..!
അതും പറഞ്ഞു ഖദീജ പരീക്കുട്ടിയെ ചെറുതായി പരിഹസിക്കാറുണ്ട്. പ്രിയതമയുടെ പരിഹാസത്തിനു മുന്നിൽ അയാൾ കഷണ്ടി തലയിൽ അവിടെ ഇവിടെയായി കൊഴിയാതെ ബാക്കി നിന്ന മുടിയിഴകളെ പോലെ തന്റെ മോണയിൽ ഇന്നും തങ്ങി നിൽക്കുന്ന ശേഷിച്ച പല്ലുകൾ കാണിച്ചുകൊണ്ട് പതിയെ മന്ദഹസിച്ചു. പരീക്കുട്ടിയുടെ ചിരി വിരൂപമാണെങ്കിലും ആയൊരു മന്ദഹാസത്തിൽ എവിടെയോ ഒരു കുട്ടിത്തം മറഞ്ഞു കിടക്കുന്നതു പോലെയായിരുന്നു.
ശരിയാണ് പ്രായം കൂടുന്തോറും മനുഷ്യർ കുട്ടികളായി മാറുകയാണ്. പല്ലുകൊഴിയും കാഴ്ച മങ്ങിത്തുടങ്ങും, മലമൂത്ര വിസർജനം പോലും നിയന്ത്രിക്കാൻ കഴിയാതെ ബാല്യകാലത്തെ ഓർമ്മപ്പെടുത്തി കൊണ്ടിരിക്കും.

"ഹ്ക്ഹ്.."

"ഹ്ക്ഹ്.." 

പ്രാസം ചേർത്തി ആരോ എഴുതിയ കവിത പോലെ പരീക്കുട്ടി വീണ്ടും ചുമച്ചു പതിവുപോലെ നിശാമുല്ലയും വിരിഞ്ഞു.

" ഈ ഉപ്പാക്ക് ഇതൊന്നു പതിയെ ചുമച്ചു കൂടെ വർഷം രണ്ടായി മനുഷ്യനൊന്ന് സ്വസ്ഥമായി ഉറങ്ങിയിട്ട്." 

അബു തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു.
അല്ലെങ്കിലും ആവർത്തനങ്ങൾ എന്നും ഒരു വിരസതയാണ്. പരീക്കുട്ടി പുലരും വരെ
 " ഹ്ക്ഹ്.. ഹ്ക്ഹ്.." കവിത ആലപിച്ചുകൊണ്ടിരുന്നു.

" ഈ വെളുപ്പാൻ കാലത്ത് തന്നെ എങ്ങോട്ടാ..?" 

ഖദീജ ആരാഞ്ഞു.

" ഒന്ന് ബാങ്ക് വരെ പോയേച്ചും വരാം. കഴിഞ്ഞമാസവും പെൻഷൻ തുക  കയറിയിട്ടില്ല. ഇനി ബാങ്കിൻറെ തകരാറാണോ മറ്റോ എന്നറിയാലോ.." 

അതും പറഞ്ഞു പരീക്കുട്ടി യാത്രക്ക് തയ്യാറെടുത്തു.

തൻ്റെ യജമാനൻ യാത്രയ്ക്ക് ഒരുങ്ങിക്കഴിഞ്ഞന്നറിഞ്ഞപ്പോൾ വള്ളിച്ചെരുപ്പ് സടകുടലം എഴുന്നേറ്റു ഉണർന്നു. പതിയെ വള്ളികൾ ഒന്ന് നിവർത്തി പാദങ്ങളെ വരവേൽക്കാൻ വേണ്ടി തയ്യാറെടുത്തു.
നിശാമുല്ലയ്ക്ക് എന്നും വള്ളിച്ചെരുപ്പിനോട് നീരസമാണ്. എങ്ങനെ ഇല്ലാതിരിക്കും പരീക്കുട്ടിയുടെ സന്നദ്ധസചാരിയാണെന്നും പറഞ്ഞു വീരവാദം മുഴക്കലല്ലേ പണി. ഉമ്മറത്തെ ചെമ്പകമരം നിശാമുല്ലയുടെയും വള്ളി ചെരുപ്പിന്റെയും കലഹത്തിനിടയിൽ ശിരസ്സും കുനിച്ചു താനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ മൗനത്തിലാണ്ട് നിൽക്കും.
അല്ലേലും നിശാമുല്ല പറഞ്ഞതു ശരിതന്നെയാണ്. വർഷം മൂന്നായി വള്ളിച്ചെരുപ്പ് പരീക്കുട്ടിയുടെ കൂടെ കൂടിയിട്ട്. ഖദീജക്ക് അറിയാത്ത പരീക്കുട്ടിയുടെ പല കാര്യങ്ങളും വള്ളിച്ചിരിപ്പിനറിയാമെന്നൊരു കേളിയുണ്ട്.

ചെമ്പക മരത്തോട് പരീക്കുട്ടി കൂടുതൽ ഇടപഴകാറില്ല. പരീക്കുട്ടിയും ചെമ്പകമാരവും അന്യോന്യം കണ്ടുമുട്ടുന്നത് തന്നെ വളരെ വിരളമാണ്. പരീക്കുട്ടിക്കിന്നും ചെമ്പക മരത്തിനെ കാണുമ്പോൾ വദനങ്ങളിൽ നാണം നിറയാറുണ്ട്.
കദീജയുടെ ആദ്യകാല പ്രണയ സമ്മാനം. അന്നു പ്രിയതമ സമ്മാനിച്ച ആദ്യ പ്രണയചുംബനത്തിന്റെ സാക്ഷിയും ഈ ചെമ്പകമരം തന്നെയാണ്. വർഷം നാൽപ്പത് കഴിഞ്ഞിട്ടും ഇതുവരെയും ചെമ്പകമരം പൂക്കാത്തതിനുള്ള നീരസം ഖദീജക്ക് ഇന്നുമുണ്ട്.
ആദ്യ ചുംബനത്തിന്റെ ഓർമ്മകൾ ചെമ്പകമരം അതൊന്നും മറന്നിട്ടില്ലെന്ന കാര്യം പരീക്കുട്ടിക്ക് വ്യക്തമായി അറിയാം.
അല്ലേലും സ്വന്തമായി കഴിഞ്ഞാൽ പ്രണയത്തിൻ്റെ ശേഷിക്കുന്ന ഓർമ്മകളെല്ലാം നാണം പടർത്തുന്ന കാട്ടുവള്ളി പോലെയാണ്.

      നേരം സന്ധ്യയായി തുടങ്ങി. എവിടെയോ ഇരുന്നു ചക്രവാള സൂര്യൻ അലകളെ പുണരുന്നുണ്ടാവും. വാനം പരക്കെ ചുവന്ന ശോഭം പടർന്നു കയറിയിരിക്കുന്നു.
നിശാമുല്ലയും ചിവീടുകളും പതിയെ തലപൊക്കി തുടങ്ങി. ചെമ്പകമരം നിദ്രയെ വരവേൽക്കാൻ ഇലകൾ പൊഴിച്ചു.

" ഇതോക്കി ബാങ്കിൽ പോയിട്ട് എന്തായി.." 

ഖദീജ ആരാഞ്ഞു

പരീക്കുട്ടി പതിയെ ഒന്ന് മന്ദഹസിച്ചു.
കാമുകിയും ഭാര്യയും തമ്മിൽ നീണ്ട വർഷങ്ങളുടെ വഴി ദൂരമുണ്ട്. പ്രണയകാലത്തിൽ ഡാ പരീക്കുട്ടി എന്നു വിളിച്ച പെണ്ണാണ് ഇന്ന് ഇതോക്കി, നിങ്ങൾ, കുട്ടികളുടെ ഉപ്പ , എന്നൊക്കെ വിളിച്ച് അഭിസംബോധനം ചെയ്യുന്നത്. ഇപ്പോൾ ഇച്ചിരി ബഹുമാനമൊക്കെ കൂടിയിട്ടുണ്ട്.
എല്ലാംകൊണ്ടും സൗന്ദര്യം ഭാര്യക്ക് തന്നെയാണ്.
ചിത്രശലഭങ്ങളെ പോലെയാണ് ഭാര്യ. കാമുകിയായിരിക്കുമ്പോൾ ലാർവ കണക്കെ കാണുമ്പോൾ മനോഹരമാണ്. പക്ഷേ അതിൻ്റെ യഥാർത്ഥ ഭംഗി ശലഭങ്ങളായി പരിണമിച്ചാൽ മാത്രമാണ് പ്രകടമാകുന്നത്. അതുപോലെതന്നെയാണ് ഭാര്യയും. പ്രണയിനിയിൽ നിന്ന് അല്ല കാമുകിയിൽ നിന്ന് ഭാര്യയായി പരിണമിച്ചാൽ അതിന് പ്രത്യേക ഭംഗി തന്നെയാണ്.

" പൈസ കയറിയില്ല പെണ്ണേ, നാളെ കയറുമെന്ന് പറഞ്ഞു. നാളെ പുലർച്ചെ ഒന്നു കൂടി പോയി നോക്കാം." 

"മ്മ്" 

നേരം രാത്രിയുടെ ഉള്ളറകളിലേക്ക് വഴുതി വീണു. നിശാമുല്ല പൂക്കാനൊരുക്കമായി. പതിവുപോലെ പരീക്കുട്ടി ചുമച്ചു ആദ്യാക്ഷരപ്രാശം ചേർത്തെഎഴുതിയ കവിത പോലെ അത് തുടർന്നുകൊണ്ടിരുന്നു.

" ഹ്ക്ഹ് ഹ്ക്ഹ്"

" ഒന്നു പതിയെ ചുമച്ചു കൂടെ, മറ്റുള്ളവർക്കും കിടക്കണം.." 

 ഇന്ന് അബുവിന്റെ ശബ്ദത്തിന് വീരം കൂടിയ പോലെ അതിൻറെ ഉള്ളറയിൽ എവിടെയോ ഒരു ആജ്ഞാപനത്തിന്റെ ധ്വനി.
പരീക്കുട്ടി ചുമ അടക്കിപ്പിടിച്ചു. ചുണ്ടുകൾ പടർത്തി ഉയർത്തിയ രണ്ടു മതിൽക്കെട്ടുകൾ പരീക്കുട്ടിയുടെ ചുമയെ തടഞ്ഞു നിർത്താൻ ഒരുങ്ങി നിന്നു.
അബുവിന്റെ ശബ്ദത്തിന് ഗംഭീരം കൂടിയതിൽ പിന്നെ പരീക്കുട്ടിയുടെ മോണകളിൽ തിളങ്ങിയ നിഷ്കളങ്കത മങ്ങിയത് പോലെ. ഖദീജക്കും അബുവിന്റെ പ്രവണത തീരെ ദഹിച്ചില്ല. അവർ നാളേക്ക് അവനുവേണ്ടി മൊഴി അസ്ത്രങ്ങൾ ഒരുക്കി തുടങ്ങി.

സമയം കടന്നു പോയി...

ഉദയസൂര്യൻ കുന്നിൻ പുറത്ത് നിന്ന് പതിയെ തലപൊക്കിത്തുടങ്ങി.

" ഖദീജ ഖദീജ,  "

" എന്തോ.."

" ഇയ്യ് എൻ്റെ ചെരുപ്പ് കണ്ടോ "

പരീക്കുട്ടി തുടർന്നു.

" ഇവിടെ പടിയിൻമേൽ ഉണ്ടായിരുന്നതാണല്ലോ..! "

" അതവിടെ താഴെയുണ്ട് "

അബുവിന്റെ സ്വരമായിരുന്നത്. അബു തുടർന്നു.

"അതിപ്പോഴും കളയാറായില്ല ബാപ്പ,
കുറെ നാളായില്ലെ അത്.
അതും  കട്ടളയോട് ചേർത്തി തന്നെ വെക്കും.." 

അബുവിന്റെ വാക്കുകൾക്ക് മുന്നിൽ പരിക്കുട്ടി മൗനംപാലിച്ചു. അയാൾ വള്ളിച്ചെരുപ്പുമെടുത്ത് യാത്ര തുടർന്നു.
ഖദീജക്ക് അബുവിന്റെ ഇന്നലത്തെ പ്രവർത്തി തന്നെ തീരെ ദഹിച്ചില്ല. ഇതും കൂടി ആയപ്പോൾ പെയ്യാൻ ഇടമില്ലാത്ത മഴ മേഘത്തിന് ആളൊഴിഞ്ഞ മരുഭൂമി കിട്ടിയതു പോലെയായി അവൾ തിമിർത്തുതന്നെ പെയ്തു. സ്വരുക്കൂട്ടിവെച്ച മൊഴിഅസ്ത്രങ്ങൾ ഓരോന്നായി തന്നെ പ്രയോഗിച്ചു.

"ആഡാ നിനക്കിപ്പോൾ അദ്ദേഹത്തിന്റെ ചുമയൊന്നും കേൾക്കാൻ പറ്റില്ല. അവൻ ഇന്നലെ പറയാ മറ്റുള്ളവർക്ക് ഉറങ്ങണ്ടേയെന്ന്.
അദ്ദേഹം ഉറക്കം കളഞ്ഞതിന്റെ ഒരു അംശം പോലും നീ കളഞ്ഞിട്ടുണ്ടോ ഡാ.." 

ഖദീജ തുടുന്നു.

" രണ്ടു വയസ്സു മുതൽ ആറു വയസ്സുവരെ ദീനം പിടിച്ചു കിടന്നപ്പോൾ ഇതിലും വലിയ ചുമയായിരുന്നു നീ.  അന്ന് ഉറക്കം കളഞ്ഞു നിന്നെയുമെടുത്ത് ആശുപത്രിയിലേക്ക് ഓടാൻ അതിയാൻ മാത്രം ഉണ്ടായിരുന്നുള്ളൂ.
നിന്നെ ചുമന്നു തഴമ്പിച്ചതിന്റെ പാട് ഇന്നുമുണ്ട് ആ പാവത്തിന്റെ തോളിൽ.. "

ഖദീജ ആർത്തിരുമ്പി തന്നെ പെയ്തു. അബുവിന് മൗനം പാലിക്കുകയല്ലാതെ വേറെ നിർവാഹമില്ലായിരുന്നു. 

നേരം സന്ധ്യയായി പരീക്കുട്ടി ഇതുവരെയും വീട്ടിലേക്ക് എത്തിയില്ല.
നിശാമുല്ല തലപൊക്കി തുടങ്ങി. ചെമ്പകമരം പതിയെ നിദ്രയിലേക്ക് വഴുതി വീഴാൻ ഒരുക്കമായി.

ഖദീജയുടെ നെഞ്ചിൽ കനലെരിഞ്ഞു തുടങ്ങിയതുപോലെ. അബുവും സുഹൃത്തുക്കളും കൂടി പരീക്കുട്ടിയെ തിരിഞ്ഞു യാത്ര തുടങ്ങി.
മണിക്കൂർ മൂന്നു കഴിഞ്ഞിട്ടും തിരച്ചിലിന് ഫലം കണ്ടില്ല. പെട്ടെന്നായിരുന്നു അബുവിന്റെ ഫോണിലേക്ക് ഒരു കോൾ വന്നത്. ഭാര്യയുടെ ആങ്ങളയായിരുന്നു അത്.

" ഹലോ..
അളിയാ,..
ഒരു ചെറിയ പ്രോബ്ലം ഉണ്ട്.." 

" എന്തു പറ്റി" 

"അളിയനൊന്ന് തെക്ക് മുക്കിലെ മെഡിക്കൽ കോളേജ് വരെ ഒന്നു വരണം.." 

അബുവിന്റെ നെഞ്ചിൽ വാനമുട്ടെ പൊന്തി നിൽക്കുന്ന പർവത നിരകൾ ആരോ എടുത്തുവച്ചതുപോലെ,  അവൻ ശ്വാസം എടുക്കാൻ പോലും കഴിയാത്ത വിധം പർവതത്തിന്റെ വേരുകൾ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി..
ഒട്ടും വൈകാതെ തന്നെ അവൻ ഹോസ്പിറ്റലിലേക്ക് എത്തി. ചുറ്റും കൂടി നിന്നവർ എല്ലാം അവനെ ദയനീയമായി നോക്കുന്നതുപോലെ അവനു തോന്നി. ചലനമറ്റു മൂടി പൊതിഞ്ഞ ഒരു വൃദ്ധന്റെ മൃതശരീരം അവന്റെ മുന്നിലേക്ക് കൊണ്ടുവന്നു.
നിറഞ്ഞ മിഴികളാൽ അബു ആ ഇളം വള്ള നിറത്തിലുള്ള തുണി വൃദ്ധന്റെ മുഖത്തുനിന്ന് എടുത്തുമാറ്റി. തണുത്തുറഞ്ഞു കിടക്കുന്ന പ്രിയപ്പെട്ട പിതാവിൻ്റെ മുഖം കണ്ടു അവൻ്റെ കണ്ണുകൾ ഇരുളിനാഴങ്ങളിലേക്ക് വഴുതി വീണൂ. ഒന്നുറക്കെ കരയാൻ കഴിയാത്ത വിധം അവൻ്റെ മോണകൾ വരണ്ടുണങ്ങി. കാതുകൾക്ക് മുകത പോലെ. ചുറ്റുമുള്ളവരുടെ സ്വരങ്ങൾ ഒന്നും കാതിലേക്ക് പതിഞ്ഞതില്ല. ആൾക്കൂട്ടത്തിൽ നിന്നൊരാൾ പതിയെ അബുവിന്റെ ചാരത്ത് വന്നു.

"സാരമില്ല കുഞ്ഞേ, സമയമായൽ എല്ലാവരും പോവും.." 

ആ വൃദ്ധൻ തുടർന്നു.

" ഉപ്പ വണ്ടി വരുന്നത് ശ്രദ്ധിച്ചില്ല. താഴെ വീണ കവർ എടുക്കാൻ പിന്നോട്ട് പോയതാ അപ്പോഴാണ് അപ്പുറത്ത് നിന്ന് വണ്ടി.."

വാക്കുകൾ പൂർത്തീകരിക്കാതെ അയാൾ തൻ്റെ മൊഴികൾക്ക് വിരാമം കുറിച്ചു. അവസാനമായി പരീക്കുട്ടി പിന്തിരിഞ്ഞു നടന്നു കയ്യിലെടുത്ത ആ കവർ വൃദ്ധൻ അബുവിന്റെ കയ്യിൽ കൊടുത്തു.

പരീക്കുട്ടിയുടെ വീട്ടിൽ കർപ്പൂരത്തിന്റെ ഗന്ധം പടർന്നുകയറി. ഖദീജയുടെ രോദനത്തിനു മുന്നിൽചീവീടുകൾ നിശബ്ദരായി. ഇരുട്ട് നിറഞ്ഞ മുറിയിൽ നിന്ന് ചതഞ്ഞെരിഞ്ഞ പൂക്കളെ പോലെ വാടിക്കരിഞ്ഞ മുഖവുമായി ഖദീജ തൻ്റെ പ്രാണനാഥന് അന്ത്യചുംബനം നൽകി. 
അവരുടെ ഹൃദയത്തിലും കാലം ഓർമ്മകളുടെ എരിയുന്ന കനൽ കോരിയിട്ടു.
എല്ലാം കെട്ടടുങ്ങി.
പരീക്കുട്ടിയെ തങ്ങളുടെ ഓർമ്മകളിൽ തിരഞ്ഞ പലരും പതിയെ പടിയിറങ്ങി. കർപ്പൂരത്തിന്റെ ഗന്ധം വീടിനുള്ളറകളിൽ പതിയെ മറഞ്ഞു തുടങ്ങി.
പ്രിയതമയുടെ മിഴിയിഴകളെ തലോടൻ കഴിയാതെ പരീക്കുട്ടി ഇരുളിനുള്ളറകളിൽ ദീർഘനിദ്രയിലാണ്ടൂ. അവൻ്റെ വാരിയെല്ലിനു മുകളിലൂടെ മണൽകൂനകൾ ആലിംഗനം ചെയ്തു. മൈലാഞ്ചി വേരുകൾ അവൻ്റെ മുടിയിഴകളെ വരിഞ്ഞുമുറുക്കി.

അബു തന്റെ പ്രിയപ്പെട്ട പിതാവ് അവസാനമായി കയ്യിൽ കരുതിയ കവർ പതിയെ തുറന്നു. അതിനുള്ളിൽ അബുവിന്റെ പാകത്തിനൊത്ത ഒരു ചെറിയ ഷർട്ടും, ചെമ്പക പൂക്കളോട് സാമ്യതയുള്ള രണ്ടു കമ്മലുമുണ്ടായിരുന്നു. ഖദീജക്ക് അത് പിടിച്ചുനിൽക്കാൻ കഴിയാത്തതിലും അപ്പുറത്തായിരുന്നു അവളൊരു അപസ്മാര രോഗിയെ പോലെ ബോധരഹിതയായി വീണു.

   നേരം സന്ധ്യയായി ഇന്ന് പതിവിലും വിപരീതമായി ചിവീടുകളും നിശാമുല്ലയും ആർക്കൊക്കെ വേണ്ടി കാത്തിരുന്നു. നീണ്ട മൗനത്തിൻ്റെ തിരശ്ശീല വീണു. അവിടം മുകത പടർന്നു കയറി. ഇനിയും പൂക്കാതെ നിശാമുല്ല പരീക്കുട്ടിയുടെ ചുമക്ക് വേണ്ടി കാത്തിരുന്നു.
ഒഴിവാക്കിൽ കുറ്റിക്കാട്ടിനു മറവിൽ രക്തം കലർന്ന നിറവുമായി വള്ളിച്ചെരുപ്പ് ഉറങ്ങാതെ തന്നെ തിരക്കി തിരികെ വരുന്ന തന്റെ യജമാനനെയും കാത്തിരുന്നു.
രാത്രിയുടെ യാമങ്ങളിൽ പടർന്നു കയറിയ മൗനത്തിൻ്റെ തിരശ്ശീലക്കു പിന്നിൽ പതിയെ ചെമ്പകമരം ആദ്യപൂവിതളങ്ങൾ പൊഴിച്ചു..

നിറയെ ചെമ്പക പൂക്കൾക്കിടയിൽ പറുദീസയിൽ നിന്ന് പരീക്കുട്ടി പിന്നെയും ചുമച്ചു 
"..ഹ്ക്ഹ് ഹ്ക്ഹ്.."

           

             അകൽമഷ

ഇലകൾ



ഇലകൾ

നനഞ്ഞ കൊമ്പിൽ
തളിർത്തു ചേർന്നിരുന്ന
രണ്ടിലകൾ നമ്മൾ...
വിരഹവേനലിൽ കടപുഴകി വീണ
പ്രണയ വൃക്ഷത്തിലെ 
ഇനിയും പൊഴിയാത്ത 
ഇരു ഇലകൾ നമ്മൾ..

ചടുല വേരുകൾ ചലനമറ്റിട്ടും,
പടർന്ന ചില്ലകൾ 
കരിഞ്ഞുണങ്ങിയിട്ടും,
ഇനിയും പൊഴിയാതെ
കാലം തെറ്റി തളിർത്ത
ഇലകൾ നമ്മൾ..

ചേർന്നങ്ങനെ 
പൊഴിഞ്ഞു വീഴാം..
ഒരുമയിൽ 
ഈ മണ്ണിലലിഞ്ഞു തീരാം..
ഹരിതകാലത്തിൽ 
വേരുകളായി പുനർജനിക്കാം..
കോർന്നങ്ങനെ വരണ്ട മണ്ണിൽ തളിർത്തുപന്തലിക്കാം..

        അകൽമഷ

കരങ്ങൾ



കരങ്ങൾ 

വഴി തെളിക്കുന്ന കരങ്ങളേ,
കരി പുരണ്ടു മലിനമായ 
ഹൃദയം പിളർന്നു പ്രഭ പരക്കുക 
തന്നെ ചെയ്യും..

ഉള്ളിൽ അലയടിക്കുന്ന
വിപ്ലവത്തിൻ്റെ ജ്വല വരണ്ട മണ്ണിലേക്ക്
പടരുകതന്നെ ചെയ്യും.
അന്ന് വരണ്ടുണങ്ങിയ മണ്ണിൽ 
വസന്തം പടരും,
തൂവെള്ള നിറമുള്ള പുഷ്പ്പങ്ങൾ പോലും
രക്ത നിറത്തിൽ ഉദിച്ചു നിൽക്കും..

കവികളുടെ കാൽപനികതയിൽ 
പ്രണയം മരിക്കും 
മനുഷ്യത്വം പടരും.
അന്നു പ്രണയ പ്രതീകങ്ങളാം 
കവിതകൾ പോലും 
വിപ്ലവ ചേരിയിലേക്ക് കൂറു മാറും

ചുരണ്ട മുഷ്ടികളെ തളച്ചിട്ട
അവസാനത്തെ ചങ്ങലയും
ഞാൻ തകർത്തെറിയും..

     അകൽമഷ

പൂക്കൾ



പൂക്കൾ 

പ്രിയപ്പെട്ടവളേ,

കാത്തിരിപ്പിന് ഇന്നിതാ
വിരാമം വീണിരിക്കുന്നു.
നിൻ്റെ പ്രവചനം പോൽ
മഴ മറന്നു വരണ്ടുണങ്ങിയ 
മണൽത്തരികളിൽ ഇന്നിതാ
വർണ്ണ ശലഭങ്ങൾ അണഞ്ഞിരിക്കുന്നു.
വിള്ളലുകൾ ക്കിടയിൽ 
ചലനമറ്റു കിടക്കുന്ന
എൻ്റെ ഹൃദയ ധമനികൾക്കുള്ളിലൂടെ
രക്ത പുഷ്പങ്ങൾ തളിർത്തു
പന്തലിച്ചു നിൽക്കുന്നു.
അവ കൊടും വേനലിലും 
ഭ്രാന്തമായി തന്നെ പൂക്കുന്നു.

കാലം തെറ്റി പൂത്ത 
പുക്കളെ കണ്ട് 
മൊഴി മറന്നു ശലഭങ്ങൾ 
പൂക്കളെ തുറിച്ചു നോക്കുന്നു.
അവർക്കെങ്ങനെ പൂക്കാതിരിക്കാനാവും
ശലഭങ്ങൾക്ക് ഇന്നുമറിയില്ലല്ലോ..!!
നിൻ്റെ അഭാവത്തിൽ 
എന്നിൽ നിന്ന് പിറവി കൊള്ളാൻ മടിച്ച
പ്രണയമാണ് ഇന്നു
പൂക്കളായി പരിണമിച്ചതെന്ന്..

       അകൽമഷ

ശ്മശാന പൂക്കൾ

ശ്മശാന പൂക്കൾ

നിനവുകളിൽ എവിടെയോ
അകപ്പെട്ടു കിടക്കുകയാണ് നാം..
ഉണർവു ലഭിക്കാത്ത പ്രണയ വേരുകളാൽ
ഇഴുകി ചേർന്നു കിടക്കുകയാണ് നാം..
ചിറകുകൾ വിടർത്തി
നീലാകാശത്തിൻ ഉള്ളറയിൽ
പാറിയകലുകയാണു നാം..

നമുക്ക് ചുറ്റുമിന്ന് 
തുളച്ചു കയറുന്ന
മിഴി അസ്ത്രങ്ങളില്ല,
നമുക്കിടയിൽ മലിന കരങ്ങളാൽ
മനിതൻ പടർത്തിയ 
മതിൽക്കെട്ടുകളില്ല..

ഇന്നു നാം സ്വതന്ത്രരാണ്.
ഉണരും വരെ 
ഈ കിനാക്കളുടെ അവകാശികളാണ്..
ഉണരാതിരിക്കട്ടെ..!!
ഉണർന്നാൽ വീണ്ടും നാം
അന്യരാണ്,
ഞാനും പുലയനും 
നീ കെട്ടിലമ്മയുമാണ്..
ഒരിക്കലും ഒരുമിക്കാത്ത 
പകലും നിശയുമാണ്.
നമുക്കിടയിൽ മതിൽ കെട്ടുകൾ
വീണ്ടും വീണ്ടും പടർന്നുയരുകയാണ്..
നാം യുഗങ്ങൾ അകലേക്ക് 
തെന്നിമാറുകയാണ്. 
പിന്നീട് നമ്മുടെ ഹൃദയങ്ങൾ പോലും
ശ്മശാനങ്ങളാണ്.
ജഡങ്ങളങ്ങനെ തിങ്ങി നിറഞ്ഞാലും 
എത്ര പൂത്തിട്ടും
കാഴ്ച്ചക്കാരുടെ 
മിഴി വിടർത്താൻ കഴിയാത്ത 
എന്തിനോ വേണ്ടി പൂത്ത 
ശ്മശാന പുഷ്പ്പങ്ങളാണു നാം..

       അകൽമഷ

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...