അവനും മരിച്ചു







*അവനും മരിച്ചു*

ഇനിയെന്തിനു നിങ്ങളെൻ
വരികളെ ഭയക്കണം..!
അകതാരിൽ ഞാൻ നട്ട
വിപ്ലവത്തെ കരിക്കണം..? 
മനിതരിൽ പടരാൻ 
കൊതിച്ചൊരെൻ 
മൊഴികളെ വെറുക്കണം..?

അർത്ഥ ശൂന്യമാം 
വരികളാണിന്നെന്നിൽ.
ജീവനാംശമില്ല പിറന്ന
ചാപിള്ള പോൽ 
ചലനമറ്റ കവിതയാണെന്നുള്ളിൽ.

ഇനിയെൻ കവിതകൾക്ക് 
ഹേതുവായി 
ഒരു മുഷ്ടിയുമുയരില്ല..!!
ഇനി ഞാൻ കോറിക്കുറിച്ച
ചിതറിത്തെറിച്ച പിഞ്ചുടലുകൾ
തൻ വിലാപങ്ങൾക്ക് 
ഒരു മിഴികളും സാക്ഷ്യം വഹിക്കില്ല..!!

ഇനി നിങ്ങൾക്ക് 
ശാന്തമായുറങ്ങാം.
രക്ത കറകൾ നിറഞ്ഞ 
വഴിയോരങ്ങളെ കണ്ടില്ലെന്നു നടിക്കാം.
ഇനി നിങ്ങൾക്ക് 
സ്വൈര്യമായി വിഹരിക്കാം.

അവസാനത്തെ മനുഷ്യനും മരിച്ചു..!!
ഈ രാവിൽ 
ഞാനെൻ ചിന്തകളെ 
സ്വാർഥതയ്ക്ക് കീഴിൽ 
കുഴിക്കുത്തി മൂടി,.
ശേഷിച്ച കുഴിമാടത്തിനു മീതെ 
ഞാനാ വിപ്ലവം തുപ്പുന്ന,
നേരു മാത്രം പറഞ്ഞ 
എൻ തൂലികയും തറച്ചു.!!

ഇനിയെനിക്ക് നിങ്ങളെ പോൽ
ശാന്തമായി ഉറങ്ങണം..
പട്ടിണിപ്പാവങ്ങളെ 
കണ്ടില്ലെന്ന് നടിക്കണം,
പേടിപ്പെടുത്തുന്ന കരങ്ങളറ്റ
പിഞ്ചുടലുകളെ 
കിനാക്കളിൽ നിന്ന് പറച്ചെറിയണം..
ഉടയാടകൾക്ക് പുറമിൽ 
ഉടലു ബലി കൊടുത്ത 
പെൺമേനികൾക്കെതിരെ 
മുഖം തിരിച്ചു 
ഇരുട്ടിൻ മറവിൽ തിരിഞ്ഞു നോക്കണം..

അവസാനത്തെ മനുഷ്യനും മരിച്ചു 
ചിതയിൽ ചാരമായി
മൊഴികളും നിലച്ചു..
ഇനിയെന്തിനു നിങ്ങളെൻ
വരികളെ ഭയക്കണം..!!

      അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...