വച്ചാത്തി





*വച്ചാത്തി*

മറന്നുവോ നിങ്ങൾ വച്ചാത്തിയെ..?
ഉടയാടകൾ കീറിപ്പറിഞ്ഞ
പെൺ മേനികളെ,
ഉടലു വെടിഞ്ഞ അനവധി
ഉയിരുകളെ,
ജാതീയത പുലമ്പി വൃക്ഷത്തണലിൽ
നഗ്നരാക്കപ്പെട്ട ദളിതരെ,.

അന്നവർ കണ്ട കിനാക്കൾ
പൂവണിഞ്ഞിരിക്കുകയാണ്.
പൊടിഞ്ഞ രക്ത തുള്ളികൾ
നിശ്വാസത്തിൽ പോലും വിപ്ലവം
കോറിയെറിഞ്ഞിരിക്കുകയാണ്.
അവരുടെ ഗദ്ഗദനങ്ങൾ പോലും
കൊടുങ്കാറ്റിൻ്റെ അട്ടഹാസമായി 
പുനർജനിച്ചിരിക്കുകയാണ്.

കാലം പോലും 
അയിത്തം കൽപ്പിച്ചപ്പോൾ 
കൂട്ടിരുന്ന രക്ത പതാക
ഇന്ന് നീതിയുടെ തെരുവോരങ്ങളിലേക്ക് 
അവരെ കൈപിടിച്ച് ഉയർത്തിയിരുന്നു.
അന്നു ദളിതൻ്റെ രക്ത മെന്നു ചൊന്ന്
മുഖം ചുളിച്ച മണലാരുണ്യങ്ങൾ പോലും.
ഇന്നു രക്ത പുഷ്പങ്ങൾ നിറഞ്ഞ
ആരാമങ്ങളായി പുനർജനിച്ചിരിക്കുന്നു.

ഇനിയവർക്ക് സ്വതന്ത്രമായി വിഹരിക്കാം,
തൊട്ടാൽ അയിത്തമാവുന്ന
ദൈവ ശിലകൾക്കുമുന്നിൽ
ശിരസ്സു കുനിക്കാതെ
നിവർന്നു നിൽക്കാം.
ഒരു ജാതിക്കും 
മർദ്ദനങ്ങൾക്കും
ഇന്നവരെ തളയ്ക്കാനാവില്ല.
അവരറിയുന്നു.
കൈകൾ കൂപ്പാനുള്ളതല്ല..!
മുഷ്ടി ചുരുട്ടാനുള്ളതാണെന്ന്..

       അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...