ഉയിർത്തെഴുന്നേൽപ്പ്

    *ഉയിർത്തെഴുന്നേൽപ്പ്*

കൊട്ടിയടച്ച ഹൃദയങ്ങളേ,
ജാതീയത പുലമ്പി
പിഞ്ചുടലുകളെ മുറിച്ച മൂടന്മാരേ,
ഇനിയും മൃത്യുവരിക്കാത്ത 
വികൃത പുരാണങ്ങളെ,

കൊന്നു തള്ളിയ ഓരോ ഉടലിനും
നിങ്ങൾ കണക്കു വച്ചോളൂ.
പിഴുതെറിഞ്ഞ ഓരോ 
പിഞ്ചു മേനികളുടെ മുഖങ്ങളും
നിങ്ങളോർത്തു വച്ചോളൂ.

എൻ്റെ ഹൃദയത്തിലേക്ക് 
നിങ്ങളായിന്നിറക്കിയ കഠാരയും
കരങ്ങളിലേക്ക് തറച്ചു കയറ്റിയ
അസ്ത്രങ്ങളും 
ബലമായി തന്നെ ഉറപ്പിച്ചു വച്ചോളൂ.

ദിനരാത്രങ്ങൾ കഴിഞ്ഞു
അവ തുരുമ്പെടുത്താൽ 
ഞാൻ ഒരിക്കൽ കൂടി 
തിരിച്ചു വരും.

അന്നെന്റെ പാദങ്ങൾ പതിഞ്ഞിടത്ത് 
നെറികേടിനെതിരെയുള്ള 
കാഹളം മുഴങ്ങും.
തളർന്നു തുടങ്ങിയ മുഷ്ടികളെല്ലാം
അന്നുയർന്നു പൊന്തും.

കൊടുങ്കാറ്റ് വീശും.
മേഘങ്ങളെനിക്ക് മറ പിടിക്കും.
തൂലിക ഞാൻ വെടിയും.

പിന്നീട് അഹിംസക്ക് പ്രസക്തിയില്ല.
പുരാണങ്ങൾ പറഞ്ഞ 
കൽക്കിയും മഹ്ദിയും 
എല്ലാം ഞാനായി മാറും.

നിങ്ങൾ പിഴുതെറിഞ്ഞ ഓരോ
റൈഹാൻ പുഷ്പ്പങ്ങൾക്കും 
ഞാൻ കണക്കു ചോദിക്കും.
പട്ടിണി പാവങ്ങൾക്കു മേൽ 
കെട്ടിയുയർത്തിയ 
ലോഹ ശിലകളെയും 
മനുഷ്യൻ തൊട്ടാൽ അയ്ത്തമാവുന്ന
ദൈവ ശിലകളെയും 
ഞാൻ തകർത്തെറിയും.
വിശന്നു മരിച്ച ആത്മാക്കൾക്ക് 
ശാന്തി ലഭിക്കും വരെ 
ഞാൻ സംഹാരമാടും.

മോക്ഷം ലഭിച്ച ആത്മാക്കൾ 
എനിക്ക് കൂട്ടു വരും.
ശേഷിച്ച വികൃത ചിന്തകളും
മറയുന്നത് വരെ 
കൊടുങ്കാറ്റ് ആഞ്ഞുവീശും
അന്ന് നെറികേടിനെതിരെയുള്ള
അവസാനത്തെ
ചരമ ഗീതം ഞാൻ കുറിക്കും..

       അകൽമഷ

No comments:

Post a Comment

ഈ ഭ്രാന്തനെ വെറുതെ വിടുക ..സ്വാർഥതയുടെ ലോകത്ത് സ്വപ്നങ്ങളിൽ കണ്ട മനുഷ്യനെ കണ്ടെത്തട്ടെ ഞാൻ..🌺🖤

നിൻ്റെ കഥ

ആഴ്ന്നിറങ്ങിയ  വേരുകളെല്ലാം ഒരു ഇലഞ്ഞിമരമായി  പരിണമിക്കട്ടെ.. ഓർമ്മകൾ തളിർക്കുമ്പോൾ  അതങ്ങനെ ഭ്രാന്തമായി പൂക്കട്ടെ.. പരിമണം പടർത്തി  ചുറ്റില...