പണ്ട് പണ്ട്..
കുറേ കുറേ കുറേ മെനിഞ്ഞാന്ന്.
ഇലകൾ തിങ്ങി തളിർത്ത ഒരു ചക്ക മരത്തിൽ നീല ചിറകുകളുള്ള
ഒരു കുഞ്ഞിക്കിളി ഉണ്ടായിരുന്നു ട്ടോ.
അവൾക്ക് നീല വാനം എന്നും പല ചോദ്യങ്ങളാൽ നിറഞ്ഞൊരു വലിയൊരു ചോദ്യചിഹ്നമായിരുന്നുട്ടോ.
നിശയിൽ മിന്നി മറയുന്ന നക്ഷത്രങ്ങളെ നോക്കി കൊണ്ട് അവൾ പലപ്പോഴും ചക്കമരത്തോട് ചോദിക്കുമായിരുന്നു.
" ചക്കമരമേ, ചക്കമരമേ,
ആകാശത്തിന് നീല നിറമല്ലേ, പിന്നെ എങ്ങനെയാണ് അത് രാത്രിയിൽ കറുത്തു പോവുന്നുത്..?
ആ ഇരുട്ടിലും മിന്നി മറയുന്ന വെളിച്ചങ്ങൾ എന്താണ്..? "
കുഞ്ഞി കിളിയുടെ നീണ്ട ചോദ്യ നിരകൾക്ക് ചക്കമരം കൗശല പൂർവ്വം മറുപടി പറയുമായിരുന്നു.
" കിളി പെണ്ണേ,
ആകാശത്തിന് ഇപ്പോഴും നീല നിറം തന്നെയാണ്. ഇപ്പോൾ നിന്റെ കാഴ്ചകൾക്ക് പരിമിതിയുണ്ട് നീ കുറച്ചൂടെ വളർന്നാൽ നിന്റെ ഉള്ളിലും ഒരു കണ്ണു വരും അന്ന് നിനക്കത് മനസ്സിലാവും. പിന്നെ ആ മിന്നി മറയുന്ന വെളിച്ചം അത് വനദേവതയുടെ വീടുകളാണ്. ഒരു ദിവസം നിന്റെ ചിറകുകൾക്ക് കരുത്തു ലഭിക്കും അന്നു നീ അവിടേക്ക് പറന്നു പോകാണം.."
അങ്ങനെ കുറേ, കുറേ മറ്റന്നാളുകൾ കഴിഞ്ഞു പോയി. ചക്കമരം പറഞ്ഞു തന്ന ആകാശത്തിൻ്റെ അത്ഭുത കഥകൾ കേട്ടു കുഞ്ഞിക്കിളി വളർന്നു. അവളുടെ ചിറകുകൾക്ക് കരുത്തു വന്നു.
അങ്ങനെയിരിക്കെ ഒരു പേമാരിയിൽ നമ്മുടെ ചക്കമരം കട പൊഴുകി വീണുട്ടോ. അതിൽ തളിർത്തു പന്തിലിച്ച ഇലകളെല്ലാം പൊഴിഞ്ഞു. പാവം നമ്മുടെ കുഞ്ഞിക്കിളി അവൾ ചക്കമരത്തിൻ്റെ കൂടെ തന്നെയിരിക്കും.
അങ്ങനെ മരണശയ്യയിൽ കിടക്കുന്ന നമ്മുടെ ചക്കമരം കുഞ്ഞി കിളിയോട് പറഞ്ഞു.
" കിളി പെണ്ണേ, നിനക്ക് വന ദേവതയുടെ വീടുകളിലേക്ക് പൊവേണ്ടെ.?
ഇരുട്ട് പടാരാത്ത ആകാശം കാണേണ്ടെ..?
എന്നും എൻ്റെ തണലും ആശ്രയിച്ചു തന്നെ ഇരുന്നാൽ മതിയോ..?
ഇപ്പോൾ നിനക്ക് പറന്നുയരാൻ സമയമായി..
പോകൂ,.. പറന്നകലൂ.."
അതും പറഞ്ഞ് നമ്മുടെ ചക്കമരത്തിലെ അവസാനത്തെ ഇലയും പൊഴിഞ്ഞു വീണു.
പാവം നമ്മുടെ കുഞ്ഞിക്കിളി അവൾക്ക് ഒത്തിരി വിഷമമായിട്ടോ,
അവൾ കുറേ കരഞ്ഞു...
ചക്കമരത്തിൻ്റെ മരണത്തിൽ അലമുറയിട്ട് അവാൾ തൻ്റെ ചിറകുകൾ വീശിയടിക്കാൻ തുടങ്ങി..
അത്ഭുതം..!!
കുഞ്ഞിക്കിളിക്ക് ആശ്ചര്യം തോന്നി..
അവൾ തറയിൽ നിന്നുയർന്നിരിക്കുന്നു.
അവൾ ചക്കമരത്തോട് വിടവാങ്ങി കൊണ്ട് വന ദേവതയുടെ വീടുകളിലേക്ക്
ഉയർന്നു പറന്നു.
അങ്ങനെ കുറേ കുറേ മറ്റന്നാളുകൾ കഴിഞ്ഞു പോയിട്ടൊ..
കുഞ്ഞിക്കിളി ക്ഷീണിച്ചു. എന്നിട്ടും അവൾ പറന്നുയരാൻ തുടങ്ങീട്ടൊ.
അതു വഴി പോയി കൊണ്ടിരുന്ന വിമാനം കുഞ്ഞിക്കിളിയോട് ചോദിച്ചു.
" അല്ല കിളി പെണ്ണേ, നീ ഇത് എങ്ങോട്ട ഇത്രയും ഉയരത്തിലേക്ക് പറന്നുയരുന്നത്.."
അങ്ങനെ കുഞ്ഞിക്കിളി ചക്കമരം പറഞ്ഞ കഥകളെല്ലാം അവൾ വിമാനത്തോട് പറഞ്ഞുട്ടോ.
വിമാനം അവൾക്ക് എല്ലാം പറഞ്ഞു മനസ്സിലാക്കി കൊടുത്തു.അത് നക്ഷത്രങ്ങളാണ് വന ദേവതയുടെ വീടുകളല്ലാ. നിനക്ക് അവിടേക്ക് എത്താൻ കഴിയില്ല.
നിന്നെ ചക്കമരം പറഞ്ഞു പറ്റിച്ചതാണെന്ന്..
പാവം കുഞ്ഞിക്കിളി വിഷമം സഹിക്കാതെ താഴേക്ക് പറക്കാൻ തീരുമാനിച്ചു.
ആശ്ചര്യമെന്നു പറയാലോ താഴോട്ട് നോക്കിയ നമ്മുടെ കുഞ്ഞിക്കിളിയുടെ കണ്ണുകൾ വിടർന്നു.
അവൾക്ക് താഴെ പല വലിപ്പത്തിലുള്ള ചക്കമരങ്ങളും മാങ്ങ മരങ്ങളും. അവൾക്ക് ഒത്തിരി സന്തോഷമായി തനിക്ക് കുറേ പുതിയ വീടുകൾ കിട്ടിയല്ലോ..
അങ്ങനെ കുഞ്ഞി കിളി സന്തോഷത്തോടെ താഴോട്ട് പറന്നിറങ്ങി തുടങ്ങി..
" എന്നാലും എന്തിനായിരിക്കും ചക്കമരം
കുഞ്ഞിനാളിൽ അവളെ പറഞ്ഞു പറ്റിച്ചത്.."
അകൽമഷ