നാം
യാ ഫുലാൻ,..
ചാറ്റൽ മഴയെ പുണർന്നു
നനഞ്ഞ പൊടി മണലിൽ
ദളങ്ങൾ നനഞ്ഞൊട്ടി കിടക്കുന്ന
പൂക്കളാണു നാം..
മഴയകന്നിട്ടും,
വേനൽ പടർന്നിട്ടും,
മന്തമാരുതൻ ഇലകളെ
അന്യോന്യം അകറ്റി നിർത്തിയിട്ടും,
നമ്മുടെ ദളങ്ങൾ
ഇന്നും ചേർന്നു തന്നെയാണ്
കിടക്കുകയാണ്.
രണ്ടു വിത്യസ്ത ചില്ലകളിൽ
വ്യത്യസ്ത നിറങ്ങളിൽ
വ്യത്യസ്ത ചിന്തകളോട് പിറന്ന
നമ്മേ,
ഇരു മെയ്യിൽ ഒരു മനമെന്ന പോലെ
ഇത്ര തീവ്രമാം വിധം
ചേർത്തി വച്ചതാരാവും..!
യാ ഫുലാൻ,..
നോക്കൂ,..
ദിക്കറിയാതെ ഏതോ
പർവത നിരകളിൽ പിറന്ന
എത്രയോ അരുവികളാണ്
സമുദ്രത്തിനായങ്ങളിൽ
അസ്തമിച്ചു ചേർന്നുറങ്ങുന്നത്..!!
അരുവികളോട് ആരാവും
സമുദ്രത്തെ കുറിച്ച് പറഞ്ഞത്..!
ആരാവും അവരെ ചേർത്തി വച്ചത്..!!
നോക്കൂ,..
വർഷങ്ങളോളം പറന്ന അകന്ന
ഇണകളായ ദേശാടന പക്ഷികൾ.
അവരുടെ കാല ശേഷം
മാസങ്ങൾ ദൂരമുള്ള
കുടിലിലേക്ക് തിരികെ എത്തുന്ന
കുഞ്ഞു ദേശാടന പക്ഷി,..
ആരാവും, ഇതുവരെയും കാണാത്ത
ആ കുടിലിന്റെ വഴി ക്രിത്യമായി
അവൾക്കു മൊഴിഞ്ഞു കൊടുത്തത്..!!
ഫുലാൻ,..
എങ്ങനെയാണ്
നാം അന്യോന്യം അറിഞ്ഞത്.!
ആരാവും നിനക്ക്
എന്നിലേക്കുള്ള വഴി പറഞ്ഞു തന്നത്.!
എന്തിനാവും
അവനിന്നും നമ്മേ
ചേർത്തി വെക്കുന്നത്..!!
നിന്നിൽ ആവർത്തനങ്ങളായി
പൂത്തു പൊഴിഞ്ഞ
വസന്ത കാലങ്ങളെ പോലെ
ഒരു വസന്തമാവുമോ ഞാനും..!!
അതോ കാലം തെറ്റിയീട്ടും
നിനക്കായി മാത്രം പിറന്ന
ശീതകാലമാവുമോ ഞാൻ..!!
യാ ഫുലാൻ,..
ചിലപ്പോൾ ആ
അവർത്തനങ്ങളിലെ
ഒരുവൻ മാത്രമായിരിക്കാം ഞാനും,
നിനക്കായി പിറന്ന ശീല കാലം
മറ്റൊന്നയിരിക്കാം..
അകന്നു പോവും മുൻപ്
ചെറുതായി ഒന്ന് പറയാം.
എന്നൊക്കെയോ..
എപ്പോഴൊക്കെയോ..
ആ ശീത കാലം
ഞാനായിരുന്നെങ്കി എന്ന്
അറിയാതെ ഞാനും ആഗ്രഹിച്ചിരുന്നു..
യാ ഫുലാൻ,..
ഞാൻ പതിയെ നടന്നകലുകയാണ്
ഇരുൾ പടർന്ന ഒരു വഴിവക്കിലേക്ക്.
അവിടം എരിഞ്ഞു
അന്ധരായവർക്ക് വെളിച്ചമാവാൻ,
നിനക്കായി ഒരു ശീതകാലം വരുന്നുണ്ട്.
നിന്നെ തണുപ്പിക്കാൻ
നിന്നിൽ എരിഞ്ഞമരുന്ന
കനലുകളെ ചാരമാക്കാൻ
നിനക്കായി ഒരു ശീതകാലം വരുന്നുണ്ട്.
യാ ഹബീബി,.
ആ ശീതകാലം ഞാനാണെങ്കിൽ
വിധിച്ചതാണെങ്കിൽ
അരുവികൾക്ക് സമുദ്രത്തിലേക്കുള്ള
വഴി പറഞ്ഞു നൽകിയവൻ,
ദേശാടന പക്ഷിയെ
തിരികെ കുടിലേക്ക് എത്തിച്ചവൻ
നിന്നെ എന്നിലേക്കും നയിക്കും..
നനഞ്ഞൊട്ടിയ പൂക്കളെ പോലെ
നമുക്കവിടം ചേർന്നിരിക്കാം..
അകൽമഷ
No comments:
Post a Comment