മനുഷ്യനില്ലാത്ത ഭൂമി
മരുഭൂമികളില്ല..
പാതി ഛേദിച്ച മരത്തടികളുമില്ല..
കെട്ടിനിർത്തിയ നീരുറവകളില്ല..
കൊട്ടിയടിച്ച മതിൽക്കെട്ടുകളില്ല..
തുരന്നു കീറിയ
പർവത ഗർത്തങ്ങളെല്ലാം പതിയെ അടഞ്ഞുതുടങ്ങിയിരിക്കുന്നു..
പന്ത്രണ്ടിൽ പൂത്ത
നീലക്കുറിഞ്ഞിയും,
പൂക്കാൻ മടിച്ച
വർണ്ണപുഷ്പങ്ങളുമെല്ലാം
ഭ്രാന്തമായി പൂത്തുലയുന്നു..
കടലാമകളും ദേശാടനപ്പക്ഷികളുമിന്ന് സ്വതന്ത്രമായി വിഹാരിക്കുന്നു.
കുത്തൊഴുക്കിൽ മറഞ്ഞുപോയ
വണ്ടുകളും, ചിത്രശലഭങ്ങളും
എല്ലാമിന്ന് തിരികെ എത്തിയിരിക്കുന്നു..
വഴിവക്കിലും, തെരുവ് വീഥികളിലും
പട്ടണ ഹൃദയങ്ങളിലുമെല്ലാം
നിറയെ ചുവന്ന പൂക്കൾ
പൂത്തുലഞ്ഞു നിൽക്കുന്നു..
മണ്ണിലായിന്നിറങ്ങിയ കോൺക്രീറ്റ് തൂണുകളിലെല്ലാം
കാട്ടുവള്ളികൾ
പടർന്നു കയറിയിരിക്കുന്നു..
ശ്മശാനങ്ങളിലും
വരണ്ട മണ്ണിലും ഹരിത കാലം
ചുവടു വച്ചിരിക്കുന്നു..
ഭൂമിയതിൻ്റെ യുവത്വത്തിലേക്ക്
തിരികെ എത്തിയിരിക്കുന്നു..
എല്ലാത്തിനെയും
മലിനമാക്കിയ മനുഷ്യൻ
മണ്ണിൽ നിന്ന് എന്നെന്നേക്കുമായി പടിയിറങ്ങിയിരിക്കുന്നു..
അകൽമഷ
No comments:
Post a Comment