*ഞാനിടം*
മനുഷ്യരെല്ലാം ചിന്തകളാലും പെരുമാറ്റ രീതികളാലും എല്ലാം കൊണ്ടും തികച്ചും വ്യത്യസ്തരാണ്. പ്രധാനമായും നമുക്ക് പുറമേ നിന്ന് വിലയിരുത്തുവാൻ സാധിക്കുന്ന രണ്ടു ഗണത്തിൽ പെട്ട മനുഷ്യരുണ്ട്. ഒന്ന് ഒരുപാട് വാചാലരാവുന്ന സംസാര പ്രിയരും. മറ്റൊന്ന് തീരെ സംസാരിക്കാൻ ഇഷ്ടപ്പെടാത്ത ഒറ്റയ്ക്ക് ഒതുങ്ങി കൂടാൻ മാത്രം ആഗ്രഹിക്കുന്നവരും. എന്നാൽ ഇവരാവട്ടെ അന്യോന്യം ഒരിക്കലും പരസ്പരം ഇഷ്ടപ്പെടാത്ത ഇരു വിഭാഗങ്ങളാണ്.
ഈ രണ്ടു ഗണത്തിലും പെടാതെ വിത്യസ്തരായി അപൂർവ്വമായി പരിണമിച്ച മറ്റൊരു വിഭാഗം കൂടിയുണ്ട്. പ്രിയപ്പെട്ട ഇടങ്ങളിൽ മാത്രം വാചാലരാവുന്ന ഒരു വിഭാഗം.അവർക്കാവട്ടെ തുച്ഛം വിരലിലെണ്ണാവുന്ന സൗഹൃദങ്ങളും, പ്രിയപ്പെട്ടവരായി വളരെ കുറച്ചുപേർ മാത്രമുണ്ടാവുകയുള്ളു. പക്ഷേ അവിടെ അവർ പരിപൂർണ്ണരാണ്, നല്ലൊരു കേൾവിക്കാരാണ്, ഉപാധികളില്ലാതെ സംസാരിക്കുന്ന സംസാര പ്രിയരുമാണ്. പുറത്തു നിന്നുള്ള വീക്ഷണത്തിൽ അവർക്ക് ഭയങ്കര ജാഡയും അഹങ്കാരവുമായി തോന്നും. പക്ഷേ അടുത്തു കഴിഞ്ഞലൊ അവരുടെ യഥാർത്ഥ സ്വത്വത്തെ നമുക്ക് തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. പുറമേ നിന്നു കാണുന്ന അവരും അടുത്തു കഴിഞ്ഞാൽ കാണാൻ കഴിയുന്ന അവരും തികച്ചും വിപരീതമാണ്.
ഈയൊരു വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരാളാണ് ഞാനും. എൻ്റെ ചെറിയ കാല അനുഭവത്തിൽ തന്നെ പലരും എന്നോട് അതിനെ കുറിച്ച് ഏറ്റു പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ കണ്ടപ്പോൾ ആരോടും ഒന്നും മിണ്ടാതെ ജാഡയിട്ട് നടക്കുന്ന ഒരാളായിട്ടാണ് തോന്നിയത്. പിന്നീട് അടുത്ത് കഴിഞ്ഞപ്പോഴാണ് മുൻ കഴിഞ്ഞു പോയ ചിന്തികൾക്കെല്ലാം വിപരീതമാണെന്ന് മനസ്സിലാക്കിയത്. കലാലയ ജീവിതത്തിൽ തന്നെ പ്രിയപ്പെട്ട ചില അധ്യാപകർ എന്നെ മറ്റുള്ളവരുടെ കൂടെ ഇഴുകി ചേർക്കാൻ കുറേ പരിശ്രമിച്ചിട്ടുണ്ട്. പക്ഷേ നിരാശയായിരുന്നു ഫലം. പിന്നെ അവരു സമ്മാനിച്ചു തന്നതാണ് എഴുത്തും. നാവുകൾ ചലിക്കാൻ മടിക്കുന്നിടത്ത് വിരലുകൾ ചലിക്കട്ടെ എന്നു പറഞ്ഞു.
ഞങ്ങൾക്കൊരിക്കലും പുതിയ സൗഹൃദങ്ങളെ തേടിപ്പിക്കാനറിയില്ല, പക്ഷേ തേടിവന്നു അടുത്തു കഴിഞ്ഞാൽ അവരെ വിട്ടുകളയുകയുമില്ല. ഇതിനെ കുറിച്ച് ഞാൻ കൂടുതൽ മനസ്സിലാക്കിയത് training ആവിശ്യങ്ങൾക്കായി കേരളത്തിൻ്റെ ഒട്ടുമിക്ക ഇടങ്ങളിൽ മാസങ്ങളോളം താമസിച്ചിട്ടുണ്ട്. അവിടെ ആരും തന്നെ സുഹൃത്തുക്കളായി ഇല്ലതാനും. എൻ്റെ സൗഹൃദങ്ങളെല്ലാം മറ്റു സംസ്ഥാനങ്ങളിലുള്ള അവരുടെ സുഹൃത്തുക്കളെ കാണാൻ പോവുമ്പോഴാണ് എൻ്റെ കഴിവു കേടിനെ കുറിച്ച് കൂടുതൽ ബോധ്യം വന്നത്.
എന്നെ സംബന്ധിച്ചിടത്തോളം മുൻപരിചയമില്ലാത്ത ഒരൊറ്റ വിഭാഗത്തിനോട് സംസാരിക്കുമ്പോൾ മാത്രം എനിക്ക് ആശങ്കയുണ്ടാവാറില്ല. പറഞ്ഞു വന്നത് കുഞ്ഞുങ്ങളെ കുറിച്ചാണ്. അവരെ എനിക്കും ഒത്തിരി ഇഷ്ടമാണ് അവർക്കെന്നെയും.
ശരിക്കും പറഞ്ഞാൽ ഞാനുൾപ്പെടെയുള്ള ഈയൊരു വിഭാഗത്തിൽ ഉൾപ്പെടുന്ന ആൾക്കാർക്ക് മറ്റുള്ളവരോട് സംസാരിക്കണം എന്നുണ്ട്. പക്ഷേ അവർ നമ്മേ പറ്റി എന്തു കരുതും എന്നുള്ളൊരു ആശങ്കയാണ്. ഇതൊരു സ്വഭാവ സവിശേഷണത്തിൽ പെട്ടതാണോ, അതോ സ്വഭാവ വൈകല്യമാണോ അതിനെ കുറിച്ചൊന്നും എനിക്ക് വ്യക്തമായി അറിയില്ല. ഈയൊരു കാരണത്താൽ തന്നെ വളരെ തുച്ഛം മനുഷ്യർ മാത്രമാണ് സുഹൃത്തുക്കളായുണ്ടാവുകയുള്ളു. അവരാണെങ്കിൽ പരിപൂർണ്ണരാണ് അവരിടങ്ങളിൽ ഞാനും പരിപൂർണ്ണമാണ്.
അകൽമഷ